ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു. രാവിലെ ചെറുതോണി അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിരുന്നു. ജലനിരപ്പ് കുറഞ്ഞതോടെ പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. ആലുവ പറവൂര്‍ കാലടി മേഖലകളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്.
ചെങ്ങന്നൂര്‍, തിരുവല്ല, പറവൂര്‍ മേഖലകളില്‍ നിരവധിപേര്‍ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചെങ്ങന്നൂരില്‍ നിന്ന് പലരും വീട് വിട്ട് വരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തില്‍ കല്ലുകടിയാവുന്നുണ്ട്. ചെങ്ങന്നൂരിലും ആലുവയിലും വെള്ളം ഇറങ്ങുന്നു. പെരിയാറിലെ ജലനിരപ്പും കുറഞ്ഞു.
Discussion about this post