ന്യൂഡല്‍ഹി: ഒരു സംസ്ഥാനത്തെ പട്ടികവിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. പട്ടികവിഭാഗത്തില്‍ പെടുന്നവരെ സംബന്ധിച്ചു ഭരണഘടനപ്രകാരം രാഷ്ട്രപതി നല്‍കുന്ന ഉത്തരവു പരിഷ്‌കരിക്കാന്‍ കോടതിക്ക് പോലും പരിഷ്‌ക്കരിക്കാന്‍ അധികാരമില്ലെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അദ്ധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
ഓരോ സംസ്ഥാനത്തെയും പട്ടികയുടെ അടിസ്ഥാനത്തിലാണ് സംവരണം. ഒരു സംസ്ഥാനത്തിനു തങ്ങളുടെ സംസ്ഥാനത്ത് പട്ടികവിഭാഗമായി കണക്കാക്കപ്പെടാത്തവര്‍ക്ക് സംവരണം നല്‍കാന്‍ താല്പര്യമുണ്ടെങ്കില്‍ അക്കാര്യം കേന്ദ്ര സര്‍ക്കാരിലൂടെ പാര്‍ലമെന്റിലെത്തിക്കണം. പാര്‍ലമെന്റാണ് പട്ടിക പരിഷ്‌ക്കരിക്കാന്‍ നിയമം പാസ്സാക്കേണ്ടത്.
മറിച്ച് സംസ്ഥാനങ്ങള്‍ സ്വമേധയാ സംവരണപ്പട്ടിക പുറത്തിറക്കുന്നത് രാജ്യത്ത് അരാജകത്വത്തിന് വഴിവെക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. മാത്രമല്ല ഇത്തരത്തില്‍ ഒരു സംസ്ഥാനത്ത് സംവരണം ലഭ്യമാകുന്ന വ്യക്തിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ സംവരണം നല്‍കുന്നത്,ആ സംസ്ഥാനക്കാരുടെ അവകാശം നിഷേധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post