തിരുവനന്തപുരം: പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുകയെന്ന കേരളത്തിന്റെ വികാരം തന്നെ നിയമസഭയും പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ സഭയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി പിന്തുണച്ചു. സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ അടിസ്ഥാനം ഈ ഒത്തൊരുമയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പുനര്‍നിര്‍മാണം എപ്രകാരമായിരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ചയില്‍ അഭിപ്രായങ്ങളൊന്നും വരാത്തത് ന്യൂനതയായി കാണുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കൂടുതല്‍ വിശാലമായ പ്ലാറ്റ്‌ഫോമുകളില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും കരട് രൂപരേഖ മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പുനര്‍നിര്‍മാണ പ്രവര്‍ത്തനം വൈകിയാല്‍ ജനജീവിതം ദുസ്സഹമാകും. സാമ്പത്തികം എങ്ങനെ സ്വരൂപിക്കാമെന്നും ചര്‍ച്ച വന്നില്ല. മഹാദുരന്തത്തിന്റെ ഭാഗമായി പ്രതീക്ഷിക്കാത്ത തരത്തിലുള്ള കഷ്ടനഷ്ടങ്ങളുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ ഇനിയൊരു ആപത്തുണ്ടാകാത്ത വിധത്തില്‍ വേണം ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലും ഉരുള്‍ പൊട്ടല്‍ മേഖലകളിലും ഇനിയും ഗൃഹനിര്‍മാണം അനുവദിക്കണോ, ഇതിനായി ശാസ്ത്രീയ പഠനങ്ങള്‍ വേണോ എന്നീ കാര്യങ്ങളില്‍ ചര്‍ച്ച തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്കിണങ്ങിയ വിവരസാങ്കേതിക വിദ്യകളുപയോഗിച്ച് കൂടുതല്‍ പഠനം നടത്താനും എല്ലാ വിദഗ്ധരുടെയും ഉപദേശം തേടി നാടിനെ മികച്ച തലത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റിസര്‍വോയറുകളുടെ പരിപാലനം സമഗ്രമാകണമെന്ന സഭയുടെ അഭിപ്രായം പരിഗണനീയമാണ്. മഴയെ പ്രതിരോധിക്കുന്ന വിധത്തിലുള്ള റോഡ് നിര്‍മാണരീതികള്‍ സ്വീകരിക്കും. നദീതീരങ്ങളിലെ കൃഷിയും വീടുകളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും.
ഡാം സുരക്ഷാ അതോറിറ്റി നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ജീവനോപാധികളുടെ സംരക്ഷണവും ചെറുകിട വ്യാപാരികളുടെ സംരക്ഷണവും ഉറപ്പാക്കും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും കെടുതിയുടെ അനുഭവങ്ങളെ സര്‍ക്കാര്‍ സമഗ്രമായി വിശകലനം ചെയ്യുകയും ചെയ്യും.
ഫയര്‍ സര്‍വീസില്‍ ആധുനികവത്കരണം നടപ്പാക്കും. ജനങ്ങളെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. 2017ല്‍ ആരംഭിച്ച കമ്യൂണിറ്റി റസ്‌ക്യൂ വോളന്റിയര്‍ സ്‌കീം ശക്തിപ്പെടുത്തും. കിണര്‍ നിര്‍മാണം, മത്സ്യബന്ധനം, മരംകയറ്റം, ഇലക്ട്രീഷ്യന്‍ തുടങ്ങിയ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യം നേടിയ തൊഴിലാളികളെ ദുരന്തനിവാരണ പ്രവൃത്തികളുടെ ഭാഗമാക്കും. ഫോര്‍ട്ട്‌കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂബാ ഡൈവിംഗ് ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയ്‌നിംഗ് ഇന്‍ വാട്ടര്‍ റസ്‌ക്യൂ ആയി ഉയര്‍ത്തും. പോലീസിലും ആധുനികവത്കരണ നടപടികളുണ്ടാവും. മത്സ്യത്തൊഴിലാളി മേഖലയിലെ സമര്‍ത്ഥരായ യുവാക്കളെ തീരദേശസേനയുടെ ഭാഗമാക്കും.
ദുരന്തത്തില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് രേഖകള്‍ സമയബന്ധിതമായി നല്‍കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കും. ഡാം സേഫ്റ്റി അതോറിറ്റി എല്ലാ മാസവും യോഗം ചേര്‍ന്ന് ഡാമുകളുടെ നില പരിശോധിക്കുന്നുണ്ട്. ആഗസ്റ്റ് ഏഴിന് അതോറിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഡാമുകള്‍ തുറന്നത്. കാലാവസ്ഥാ പ്രവചനത്തിലുള്ള ന്യൂനതകള്‍ സംസ്ഥാനത്ത് പ്രളയദുരന്തത്തിന്റെ ആക്കം കൂട്ടാന്‍ കാരണമായിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കില്‍ ശക്തമായ മഴ ഏഴുമുതല്‍ 11 സെ.മീ. വരെയാണ്. 12 മുതല്‍ 20 സെ.മീ. വരെ അതിശക്തമായ മഴയും 20 സെ.മീറ്ററിനു മുകളില്‍ അതിതീവ്രമായ മഴയുമാണ്.
ആഗസ്റ്റ് മാസത്തില്‍ അതിതീവ്രമഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. ആഗസ്റ്റ് ഒന്നുമുതല്‍ എട്ട് വരെ ശക്തമായ മഴയുടെ പ്രവചനമാണ് ലഭിച്ചത്. ഒമ്പതുമുതല്‍ 15 വരെ ശക്തമായ മഴയുടെയും അതിശക്തമായ മഴയുടെയും സാധ്യതകളാണ് പ്രവചിക്കപ്പെട്ടത്. ഒമ്പതുമുതല്‍ 15 വരെയുള്ള ദീര്‍ഘകാല ശരാശരി മഴയായി പ്രവചിച്ചത് 9.85സെ.മീറ്ററാണ്. പക്ഷേ പെയ്തത് 35.22 സെമീ. മഴയാണ്. അതായത് അതിതീവ്രമഴ. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിലുള്ള പാകപ്പിഴകളാണ് ഇതു സൂചിപ്പിക്കുന്നത്്. ിഇതു സംബന്ധിച്ച മുന്നറിയിപ്പുകള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി നല്‍കിയിരുന്നു.
ഇടുക്കി അണക്കെട്ടില്‍ ഷട്ടര്‍ തുറക്കാവുന്ന ഏറ്റവും കുറഞ്ഞ ഉയരം 2373 അടിയാണ്. ജൂലൈ 17നാണ് ആദ്യമായി ഈ പരിധി എത്തിയത്. ആഗസ്റ്റ് ഒന്നിനാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാവുന്ന 2395 അടി എത്തിയത്.
ചെറുതോണി ഡാം തുറന്നത് വേലിയേറ്റ സമയം പരിഗണിക്കാതെയാണെന്ന ആക്ഷേപം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് 11 കര്‍ക്കിടക വാവ് ആയിരുന്നു. ഈ ദിവസം കടലിലേക്ക് ജലം വലിയുന്നത് കുറവായിരിക്കുമെന്നതും പ്രളയക്കെടുതിക്ക് ആക്കം കൂട്ടി.
ദുരന്തം സംബന്ധിച്ച് ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങള്‍ നടത്തി നടപടികള്‍ സ്വീകരിച്ചുവന്നു. പറവൂരില്‍ ആദ്യ രണ്ടു ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്ന ആക്ഷേപവും ശരിയല്ല. ആദ്യ ദിനത്തില്‍ ഒരു പ്ലാറ്റൂണ്‍ പോലീസും രണ്ടാം ദിനത്തില്‍ മറ്റൊരു പ്ലാറ്റൂണ്‍ പോലീസും തുടര്‍ന്ന് മത്സ്യത്തൊഴിലാളികളും കേന്ദ്ര സേനയും അഗ്നിസുരക്ഷാ വകുപ്പും സ്ഥലത്തെത്തി. 62 ബോട്ടുകള്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. നോര്‍ത്ത് കുത്തിയതോടില്‍ കെട്ടിടം തകര്‍ന്ന് ആളുകള്‍ മരിച്ച സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. എന്നിട്ടും ജീവന്‍ പോലും വകവയ്ക്കാതെയാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. മുല്ലപ്പെരിയാര്‍ കേസ് സംബന്ധിച്ച് സുപ്രീം കോടതിയില്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി അനുകൂല വിധിയും ഉണ്ടായി. ആഗസ്റ്റ് 17ലെ കോടതിയുടെ നിരീക്ഷണം സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്ന വിധത്തിലാണ്. വെള്ളം കൂടി വരുമ്പോള്‍ തുറന്നു വിടണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തമിഴ്നാട് സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ വാദം നടന്നത്. സുപ്രീം കോടതി ശക്തമായി ഇടപെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
ബാണാസുരസാഗറില്‍ പ്രളയകാരണമായത് ഡാമില്‍ നിന്നുള്ള വെള്ളമല്ല. ജൂലായ് 14 മുതല്‍ ആഗസ്റ്റ് 5 വരെ ഡാം തുറന്നിരിക്കുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് അഞ്ചിന് വീണ്ടും ഡാം അടച്ചു. ആറിന് മഴ പെയ്തതിനെ തുടര്‍ന്ന് ഏഴിന് വീണ്ടും ഡാം തുറന്നു. മഴ തുടരുകയും ഘട്ടം ഘട്ടമായി ഷട്ടര്‍ ഉയര്‍ത്തുകയുമാണ് ചെയ്തത്. ബാണാസുര സാഗറിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലും പരമാവധി ലെവലും 775.6 മീറ്ററാണ്. ഫുള്‍ റിസര്‍വോയര്‍ ലെവലിനു മുകളില്‍ വെള്ളം കയറിയാല്‍ മുഴുവന്‍ ജലവും പുഴയിലേക്ക് ഒഴുക്കിക്കളയണം. ഇക്കാരണത്താലാണ് ഷട്ടര്‍ തുറക്കാന്‍ നിര്‍ബന്ധിതമായത്. ഡാമുകളൊന്നും ഇല്ലാതിരുന്ന കല്‍പ്പറ്റ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. ആഗസ്റ്റ് 9 ന് ബാണാസുരസാഗറില്‍ നിന്ന് സെക്കന്‍ഡില്‍ 2250 ഘനമീറ്റര്‍ വെള്ളമാണ് കബനിയിലേക്ക് ഒഴുക്കി വിട്ടത്. ഈ സമയത്തു തന്നെ പീച്ചനഹള്ളി ഡാമിലേക്ക് ഒഴുകിയെത്തിയത് 19400 ഘനമീറ്റര്‍ ജലമാണ്. മറ്റു നദികളിലെ കണക്കു പരിശോധിച്ചാലും സ്വാഭാവിക നീരൊഴുക്കാണ് ഡാമില്‍ നിന്നുള്ള വെള്ളമല്ല വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാണാം. അണക്കെട്ടുകളില്ലാത്ത അച്ചന്‍കോവിലാര്‍, മീനച്ചിലാര്‍, ചാലിയാര്‍ എന്നീ നദികളും കരകവിഞ്ഞൊഴുകുകയായിരുന്നു. അപ്രതീക്ഷിത മഴയാണ് പ്രളയത്തിന് കാരണമായതെന്ന് കേന്ദ്ര ജലകമ്മീഷനും വിലയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയില്‍പെട്ടാണ് 151 പേര്‍ മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര സേനകളെ അനുവദിക്കാന്‍ ആഗസ്റ്റ് 9 ന് രാവിലെ തന്നെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 7443 പേരുടെ കേന്ദ്ര സേനാ വിഭാഗം രക്ഷാപ്രവര്‍ത്തനത്തില്‍ ഇടപെട്ടു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരോടെല്ലാം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 74060 പേരെ കേന്ദ്ര സേനാവിഭാഗങ്ങള്‍ രക്ഷിച്ചു. 361800 കുടുംബങ്ങള്‍ക്ക് 236904 കിറ്റുകള്‍ ആഗസ്റ്റ് 30 ഉച്ചവരെ വിതരണം ചെയ്തു.
ക്യാമ്പുകളില്‍ താമസിക്കാത്തവരുടെയും ദുരിതത്തിനിരയായവരുടെയും കണക്ക് ജില്ലാ കളക്ടര്‍മാര്‍ ശേഖരിച്ചുവരികയാണ്. 48784 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം നല്‍കി. 39967 കുടുംബങ്ങള്‍ക്ക് 31ന് വിതരണം ചെയ്യും. ബാക്കിയുള്ളവര്‍ക്ക് വരും ദിനങ്ങളില്‍ നല്‍കും.
ദുരിതാശ്വാസ ക്യാമ്പുകള്‍ പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കുന്നതിന് നേരത്തെ തന്നെ പ്രത്യേക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
മാലിന്യം കുന്നുകൂടിക്കിടക്കുന്നത് തടയാന്‍ ഓരോ പഞ്ചായത്തിലും ഒന്നോ അധികമോ യാഡുകള്‍ വേണമെന്നും ഫ്്ളഡ് മാപ്പിംഗിന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസേചന വകുപ്പും വൈദ്യുതി ബോര്‍ഡും കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചത്.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സ്പെഷ്യല്‍ പാക്കേജ് ആവശ്യപ്പെടും. കേന്ദ്രത്തില്‍ നിന്ന് നല്ല സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആ വിധത്തിലാണ് പ്രതികരിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post