സേലം: തമിഴ്‌നാട്ടിലെ സേലത്ത് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഏഴ് പേരില്‍ ആറു പേരും മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ നാല് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തില്‍ മുപ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ആലപ്പുഴ സ്വദേശികളായ ജോര്‍ജ് ജോസഫ് (60), ഭാര്യ അല്‍ഫോന്‍സ (55), മകള്‍ ടീനു ജോസഫ് (32), മകളുടെ ഭര്‍ത്താവ് സിജി വിന്‍സന്റ് (35) എന്നിവരാണ് മരിച്ച ഒരു കുടുംബത്തിലെ അംഗങ്ങള്‍. എടത്വ സ്വദേശി ജിം ജേക്കബ് (58), ഷാനു (28) എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നും തിരുവല്ലയ്ക്ക് വന്ന യാത്ര എന്ന ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ ഒന്നോടെ സേലത്തിന് സമീപം മാങ്കമം എന്ന സ്ഥലത്തായിരുന്നു അപകടം. കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് ബസ് ദേശീയപാതയില്‍ വച്ച് മറ്റൊരു വാഹനത്തിലിടിച്ച ശേഷം റോഡിലെ മീഡിയനിലൂടെ കടന്ന് എതിര്‍ ദിശയിലെ ബസിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സേലത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സേലം ജില്ലാ കളക്ടര്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അപകടത്തില്‍ ബസുകള്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ സേലത്തെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post