പത്തനംതിട്ട: മാസപൂജയ്ക്കായി ശബരിമല ക്ഷേത്രം 16ന് തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ താല്‍ക്കാലിക വൈദ്യുത വിതരണ സംവിധാനങ്ങള്‍ ഈ മാസം 12ന് മുമ്പ് പൂര്‍ണ സജ്ജമാകുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. പമ്പയിലെ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നിധാനത്തെ വൈദ്യുതി വിതരണം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. പമ്പയില്‍ അത്യാവശ്യ സ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. മറ്റുള്ള സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്. എല്ലാ പ്രവര്‍ത്തനങ്ങളും 12ന് മുമ്പ് പൂര്‍ത്തിയാകും. പമ്പാ മണല്‍പ്പുറത്തുണ്ടായിരുന്ന വൈദ്യുത തൂണുകളും ഹൈമാസ്റ്റ് ലൈറ്റുകളും ഉള്‍പ്പെടെ എല്ലാം തകര്‍ന്നുപോയി. പമ്പയുടെ ഗതി മാറിയിട്ടുള്ള സാഹചര്യത്തില്‍ നേരത്തേ ഉണ്ടായിരുന്ന വൈദ്യുതി വിതരണ ശൃംഖലകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്. താല്‍ക്കാലികമായി വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പമ്പാ മണല്‍പ്പുറത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് നീക്കുന്നതിനുള്ള പ്രവൃത്തികള്‍ ടാറ്റാ കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ സ്ഥിരമായി വൈദ്യുതി വിതരണ സംവിധാനം പുനഃസ്ഥാപിക്കാന്‍ കഴിയും. പ്രളയത്തിനു മുമ്പുള്ള പമ്പാ തീരമല്ല ഇപ്പോഴുള്ളത്. എല്ലാത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതനുസരിച്ച് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഒന്‍പത് ജലവൈദ്യുത പദ്ധതികള്‍ക്ക് പ്രളയത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇവയില്‍ രണ്ടെണ്ണം സ്വകാര്യ വൈദ്യുത പദ്ധതികളാണ്. ചില പവര്‍ ഹൗസുകളില്‍ മണ്ണ് അടിഞ്ഞുകൂടിയിട്ടുള്ളതു മൂലം ഉത്പാദനം നിലച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മണ്ണ് നീക്കുന്ന പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ജില്ലയില്‍ വന പ്രദേശങ്ങളില്‍ വന്‍തോതില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കുമളി വരെയുള്ള പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളാണ് ഇത്രയധികം നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. ഉരുള്‍പൊട്ടലുകളെക്കുറിച്ച് കെ.എസ്.ഇ.ബി നേരിട്ടോ ഏജന്‍സി വഴിയോ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
രാജു എബ്രഹാം എം.എല്‍.എ, കെ.എസ്.ഇ.ബി ഡയറക്ടര്‍ വേണുഗോപാല്‍, വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ മോഹനനാഥപണിക്കര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Discussion about this post