ആലപ്പുഴ: കൈനകരിയിലെ പാടശേഖരങ്ങളിലെ പമ്പിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇനിയും വീടുകളില്‍ നിന്നും വെള്ളമിറങ്ങാത്ത സ്ഥലങ്ങളിലുള്ളവരെ മടക്കിക്കൊണ്ടു വരുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിലാണ് പമ്പിംഗ് നടക്കുന്നതെന്നും ജില്ല കളക്ടറുടെ ചുമതല വഹിക്കുന്ന ഗ്രാമവികസന കമ്മീഷണര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. കൈനകരിയിലെ കനകശ്ശേരി, വടക്കേ വാവാക്കാട്, കൂലിപ്പുരയ്ക്കല്‍, പരിത്തിവളവ്, ആര്‍ ബ്ലോക്ക് എന്നിവിടങ്ങളിലെ പമ്പിംഗ് അദ്ദേഹം നേരിട്ടു വിലയിരുത്തി. ഇതില്‍ പമ്പിംഗ് ആരംഭിച്ചിട്ടില്ലാത്ത കൂലിപ്പുരയ്ക്കല്‍ പാടശേഖര സമിതിയുടെ ഭാരവാഹിയെ ഫോണില്‍ വിളിച്ചു ഉടന്‍ തന്നെ പമ്പിംഗ് ആരംഭിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
വിവിധ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനായി 34 പമ്പുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. താല്‍കാലികമായി എത്തിച്ചിരിക്കുന്ന ബാര്‍ജ്ജുകളിലാണ് പമ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏഴു ദിവസത്തിനകം കൈനകരിയിലെ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചു കളയാനാണ് ലക്ഷ്യം. ഇതിനായി 31 പമ്പുകളാണ് കൈനകരിയില്‍ മാത്രം സ്ഥാപിച്ചിട്ടുള്ളത്. മണിക്കൂറില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യാന്‍ കഴിവുള്ളതാണ് ഇവിടെയെത്തിച്ചിരിക്കുന്ന പമ്പുകള്‍. വെള്ളം കയറി നശിച്ച പമ്പുകളുടെ അറ്റകുറ്റ പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനായി കൊല്ലത്തു നിന്നുള്ള ഒരു സംഘം നാളെ ജില്ലയിലെത്തും.
ഡപ്യൂട്ടി കളക്ടര്‍ മുരളീധരന്‍ പിള്ള, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹരണ്‍ ബാബു, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈനി ലൂക്കോസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീന നടേശ് എന്നിവര്‍ കളക്ടറോടൊപ്പമുണ്ടായിരുന്നു.
Discussion about this post