പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന മണ്ണാറക്കുളഞ്ഞി – പമ്പാ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കും. നിലവില്‍ പത്ത് സ്ഥലങ്ങളാണ് മണ്ണിടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലായിരിക്കുന്നത്. ഇതുവഴി ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് സ്ഥലത്തെ പണികള്‍ ആരംഭിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്ലാപ്പള്ളിക്ക് മുമ്പായി 30 മീറ്റര്‍ നീളത്തില്‍ പ്രളയത്തില്‍ റോഡ് ഇടിഞ്ഞുപോയിരിക്കുകയാണ്. ഇത് ഏഴ് മീറ്റര്‍ താഴ്ചയില്‍ നിന്നും കെട്ടിയെടുക്കണം. പക്ഷെ, നിലവിലെ അവസ്ഥയില്‍ ഇവിടെ കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയെടുക്കാനേ സാധിക്കൂവെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു. കമ്പകത്തുംവളവിന് സമീപം ഉരുള്‍പൊട്ടിയതിനാല്‍ റോഡ് 52 മീറ്റര്‍ നീളത്തില്‍ ഇടിഞ്ഞിരിക്കുകയാണ്്. താല്‍ക്കാലികമായി ഇവിടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ളാഹ വലിയവളവിലെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണിരുന്നു. ഇതിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് വരികയാണ്. പ്ലാന്തോട് ഭാഗത്തെ റോഡുകളിലും വീള്ളലുകള്‍ വീണ് ഇടിഞ്ഞുതാണിരിക്കുകയാണ്. ഇവിടം 60 മീറ്റര്‍ നീളത്തിലാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. അതുകൊണ്ട് പമ്പ- അട്ടതോട് സ്ഥലത്തിന് മധ്യേ ബസ് സര്‍വ്വീസ് നിരോധിച്ചിരിക്കുകയാണ്.
റോഡ് നിര്‍മിക്കുന്നതിന് പുറമെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള ക്രാഷ് ബാരിയറുകള്‍ പുനര്‍സ്ഥാപിക്കാനും ക്രാഷ് ബാരിയറുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ ഇവ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post