തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഫേയ്സ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന നടത്തിക്കണമെന്ന വാദത്തെ കേരളസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ എതിര്‍ത്തു തോല്‍പ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിയുടെ ഫേയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധമായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന ഒരു പൊതു താല്പര്യ ഹര്‍ജ്ജിയിന്മേല്‍ വാദം നടന്നു വരികയായിരുന്നു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ കേരളത്തിന്റെ താല്പര്യം ഉയര്‍ത്തിപ്പിടിക്കുന്നില്ല എന്ന ആരോപണമുള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ കുറെ ദിവസമായി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു വരുന്നു. ആദ്യമേ പറയട്ടെ: സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇതു സംബന്ധമായ ആരോപണങ്ങള്‍ ശരിയല്ല. ഇക്കാര്യത്തിലുള്ള കൃത്യമായ വിവരങ്ങള്‍ അഭിഭാഷകനില്‍ നിന്നും അന്വേഷിച്ചറിഞ്ഞ ശേഷമാണിതെഴുതുന്നത്.
2018 ഓഗസ്റ്റ് 16, 17, 24, സെപ്തംബര്‍ 6 തിയതികളിലാണ് സുപ്രീം കോടതി ഈ കേസിന്മേല്‍ വാദം കേള്‍ക്കുകയും ചില ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും ചെയ്തത്. ഏറ്റവുമൊടുവില്‍ വാദം കേട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും അന്തിമ വിധി എട്ടാഴ്ചത്തേക്കു മാറ്റി വയ്ക്കുകയും ചെയ്തത് സെപ്തംബര്‍ 6 നാണ്. അന്തിമ വിധി വരെ ഓഗസ്റ്റ് 17ന്റെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലുള്ളതായിരിക്കുമെന്നും ഉത്തരവായി. ഈ ഉത്തരവ് പ്രസ്താവിച്ചു കഴിഞ്ഞ് കേസ് എട്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കുന്ന സന്ദര്‍ഭത്തില്‍ വാദിയുടെ അഭിഭാഷകന്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലം വിലയിരുത്തുന്നതിനായി ഒരു അന്താരാഷ്ട്ര വിദഗ്ദ്ധ സമിതിയെക്കൊണ്ട് ഡാം പരിശോധിപ്പിക്കണം എന്നൊരു സാന്ദര്‍ഭിക പരാമര്‍ശം കൂടി വാക്കാല്‍ ബോധിപ്പിക്കുകയും ബഹു. കോടതി ആയത് അപ്പോള്‍ത്തന്നെ തള്ളിക്കളയുകയും ചെയ്തു. കേരളത്തില്‍ നിലവിലുള്ള പശ്ചാത്തലം കണക്കിലെടുത്ത് മനുഷ്യജീവനുകളെ രക്ഷിക്കുന്നതിനുള്ള കേസാണ് ഇതെന്നും ഒരുവിധത്തിലും കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഈ കേസിന്റെ ഭാഗമായി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കുകയും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുള്ള ഓഗസ്റ്റ് 24ന്റെ ഇടക്കാലഉത്തരവ് ഓര്‍മ്മിപ്പിക്കുകയും ചെയ്തുകൊണ്ടാണ് വാക്കാലുള്ള ആവശ്യം ബഹു. കോടതി നിരസിച്ചത്. വാദിയുടെ അഭിഭാഷകന്‍ വാക്കാല്‍ ബോധിപ്പിച്ച ആവശ്യം, കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലോ വാദവേളകളിലോ ഉന്നയിച്ചിരുന്നതേയല്ല.
അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന നടത്തിക്കണമെന്ന വാദത്തെ കേരളസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ എതിര്‍ത്തു തോല്‍പ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. യഥാര്‍ത്ഥത്തില്‍ 2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ച ആശയമാണ് അങ്ങനെയൊരു പരിശോധന. ആ സ്ഥിതിക്ക് ആ ആവശ്യം വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ സാധിതമാക്കാന്‍ ഒരവസരമുണ്ടായാല്‍ എന്തിന് സര്‍ക്കാര്‍ തന്നെ അതിനെ എതിര്‍ക്കണം? അതു മാത്രമല്ല, ഹര്‍ജിക്കാരന്റെ വാദങ്ങളില്‍ ഒന്നൊഴികെ എല്ലാം തന്നെ സര്‍ക്കാരിനു സ്വീകാര്യവുമായിരുന്നു. ഇപ്പോള്‍ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം തുറന്നു വിട്ടതാണെന്ന വാദത്തില്‍ മാത്രമാണ് സര്‍ക്കാരിന് വിയോജിപ്പുണ്ടായിരുന്നത്. പ്രസ്തുത വിയോജിപ്പ് സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ശക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ഈ ഹര്‍ജി സര്‍ക്കാരിനു വേണ്ടി കേസ് നടത്തുന്നതിനുള്ള കുതന്ത്രമാണ് എന്നു പോലും തമിഴ്നാട് വാദിക്കുകയും സര്‍ക്കാര്‍ അഭിഭാഷകന്‍ അതിനെയും എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര സമിതിയെക്കൊണ്ടുള്ള ഡാമിന്റെ ബലപരിശോധന എന്ന വാക്കാല്‍ മാത്രമുള്ള ആവശ്യത്തിന്മേല്‍ അനുകൂലമായോ പ്രതികൂലമായോ ഒരഭിപ്രായവും ഉന്നയിക്കുന്നതിന് സര്‍ക്കാര്‍ അഭിഭാഷകന് യാതൊരവസരവും ഉണ്ടായിരുന്നില്ല എന്നതാണു സത്യം. കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചു മാത്രം മറുപടി നല്‍കണമെന്നതിനാലാണ് പ്രതികരണം വൈകിയതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post