തിരുവനന്തപുരം: പ്രളയദുരിതത്തില്‍പ്പെട്ട കുട്ടികളെ സഹായിക്കുന്നതിനുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സഹപാഠിക്കൊരു ചങ്ങാതിപ്പൊതി പദ്ധതിയിലെ രണ്ടാംഘട്ട സഹായകിറ്റുകളുമായി പോകുന്ന വാഹനങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചങ്ങാതിപ്പൊതികള്‍ ഇന്ന് തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാഭാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തും.
ഡി.പി.ഐ.യുടെ നിര്‍ദ്ദേശാനുസരണം തിരുവല്ല ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ നെടുമ്പ്രം, കണ്ണശ്ശ സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കടപ്ര ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, നിരണം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തേവേരി സെന്റ് തോമസ് ഹൈസ്‌കൂള്‍, പരുമല ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവല്ല എസ്.എന്‍.വി.എസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ 1500 ലധികം കുട്ടികളിലാണ് തിരുവനന്തപുരത്തെ ചങ്ങാതിമാരുടെ സ്നേഹ സമ്മാനമായ ചങ്ങാതിപ്പൊതികള്‍ എത്തുക. കുട്ടികളില്‍ നിന്നും എസ്.പി.സി അംഗങ്ങളില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും സമാഹരിച്ച പഠനോപകരണങ്ങളാണ് ചങ്ങാതിപ്പൊതികളാക്കിയത്.
ഒരു ബാഗും 8 നോട്ടുബുക്കും 5 പേനയും 5 പെന്‍സിലും ഇന്‍സ്ട്രമെന്റ്ബോക്സും ഒരു ചോറ്റുപാത്രവും മറ്റു പഠനോപകരണങ്ങളുമാണ് ഒരു കിറ്റ്. നേരത്തെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ 10 സ്‌കൂളുകളില്‍ ചങ്ങാതിപ്പൊതികള്‍ എത്തിച്ചിരുന്നു.
ജില്ലാ ട്രഷറര്‍ ജി.എല്‍. അരുണ്‍ ഗോപി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്ക്, ഇന്‍സ്പിരിറ്റ് ഐഎഎസ് അക്കാഡമി എം.ഡി. സംഗീത് കെ, എസ്.പി.സി. റൂറല്‍ ഓഫീസര്‍ ശ്രീജിത്ത് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി മടത്തറ സുഗതന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി. ഗാഥ നന്ദിയും പറഞ്ഞു.
Discussion about this post