കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. അഞ്ഞുറോളം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ക്യാപ്റ്റന്‍ രാജു തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷാ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടുത്തെ ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സകള്‍ക്കായി കൊച്ചിയിലേക്ക് കൊണ്ടുവന്നിരുന്നു.
പത്തനംതിട്ടയിലെ ഓമല്ലൂരില്‍ കുരിന്റയ്യത്ത് കെ.യു. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴാമത്തെ മകനാണ് ക്യാപ്റ്റന്‍ രാജു. ഭാര്യ പ്രമീള. ഏക മകന്‍ രവിരാജ്. വിദേശത്തുള്ള മകന്‍ എത്തിച്ചേര്‍ന്ന ശേഷമാകും സംസ്‌കാരം നടക്കുക. അതുവരെ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിക്കും.
സൈനിക സേവനത്തിന് ശേഷം 1981 ല്‍ പുറത്തിറങ്ങിയ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയിലെത്തിയത്.
Discussion about this post