തൃശൂര്‍: കൃഷിയുടെ പുനരുജ്ജീവനത്തിന് ഈ ഒക്ടോബറില്‍ തന്നെ കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായത്താല്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്നും എല്ലാ കൃഷികളേയും നിര്‍ബന്ധമായി ഇന്‍ഷ്വൂറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നും കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ചാലക്കുടി ജൂബിലി മെമ്മോറിയില്‍ ഹാളില്‍ കാര്‍ഷിക പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന്റെ ആദ്യഗഡു വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം മൂലം കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടത്തിന്റെ കണക്ക് പൂര്‍ണ്ണമായെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയിലുണ്ടായ അനന്തര ഫലങ്ങള്‍ കൂടി വിലയിരുത്താന്‍ കുറച്ചു കൂടി സമയം വേണ്ടി വരും. വേള്‍ഡ് ബാങ്കിന് സംസ്ഥാനത്തെ കാര്‍ഷിക മേഖലയെക്കുറിച്ചു നല്‍കിയിരുന്ന നഷ്ടത്തിന്റെ പ്രാഥമിക കണക്ക് 19000 കോടി രൂപയാണ്. ഇതില്‍ തൃശൂര്‍ ജില്ലയില്‍ മാത്രം 120 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്ത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 58000 ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. കുട്ടനാട് പൂര്‍ണ്ണമായി നശിച്ചു. വയനാട്, ഇടുക്കി തുടങ്ങിയ മലയോര മേഖലയില്‍ വ്യാപകമായ മണ്ണൊലിപ്പും മല വീണ്ടുകീറലുമുണ്ടായി. എങ്കിലും ഏതു സാഹചര്യവും അതിജീവിക്കാനുളള ആത്മവിശ്വാസം കൃഷിക്കാര്‍ക്കു വേണം. മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ അവശത അനുഭവിക്കുന്നവര്‍ക്കും കൃഷിക്കാര്‍ക്കും അവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മോട്ടോര്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഈ വര്‍ഷം തന്നെ 10000 മോട്ടോര്‍ നല്‍കും. പച്ചക്കറി കൃഷി ഫലപ്രദമാക്കാന്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി പോലെ മറ്റൊരു പരിപാടി കൊണ്ടു വരും. പുഞ്ച കൃഷിയുടെ സമയത്ത് നെല്‍കൃഷി അധികമായി ചെയ്യും. മണ്ണു പരിശോധനയും പരിചരണവും ഉറപ്പു വരുത്തും. കാര്‍ഷിക സര്‍വകലാശാല, മണ്ണ് സംരക്ഷണ വകുപ്പ് കൂട്ടായി ചേര്‍ന്ന് ഈ ആഴ്ച തന്നെ പരിശോധന നടത്തും. സൗജന്യമായി വിത്തും കുമ്മായവും നല്‍കും. കൃഷി വകുപ്പും ജലസേചന വകുപ്പും ചേര്‍ന്ന് കൃഷിയ്ക്കുളള വെളളമുള്‍പ്പെടയുളള അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് ചാലക്കുടിയ്ക്ക് നാലു കോടി തൊണ്ണുറ്റെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ 2756298 രൂപ ലഭ്യമായിട്ടുണ്ട്. രണ്ടാഴ്ചയക്കകത്ത് നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 149 കര്‍ഷകര്‍ക്കുളള ആദ്യ ഗഡു തുക അക്കൗണ്ടിലേക്ക് എത്തിയതിന്റെ സ്റ്റേറ്റ്മെന്റ് ഫോറം കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബി ഡി ദേവസ്സി എം എല്‍ എ യ്ക്ക് കൈമാറി. മുനിസിപ്പില്‍ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായി. എ ഡി എ എല്‍ സി അഗസ്റ്റിന്‍ സ്വാഗതവും വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീത ടീച്ചര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കൃഷി വകുപ്പും മണ്ണു സംരക്ഷണ വകുപ്പും ചേര്‍ന്ന് കൃഷി ഭൂമി വൃത്തിയാക്കി കൃഷിയൊരുങ്ങുന്ന ചാലക്കുടി കോട്ടാറ്റില്‍ മന്ത്രി സന്ദര്‍ശിച്ചു. കൃഷി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എണ്ണൂറോളം കൃഷി വകുപ്പു ഉദ്യോഗസ്ഥര്‍ ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വരെ കൃഷി ഭൂമി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
Discussion about this post