ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാന്‍ കോടതിക്ക് സാധിക്കില്ല. പാര്‍ലമെന്റാണ് ക്രിമിനലുകളെ മാറ്റിനിര്‍ത്തേണ്ടത്. വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കുറ്റവാളികളെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കുകയും ചെയ്തു. രാഷ്ട്രീയ രംഗത്തെ ക്രിമിനല്വല്ക്കരണത്തില് മാര്ഗരേഖയുണ്ടാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. രാഷ്ട്രീയ രംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കരുതല്‍ വേണം. നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാഥികളുടെ കേസ് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളും പരസ്യപ്പെടുത്തണം. ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പുവരുത്തണമെന്നും ഭരണഘടനാ കോടതി നിര്‍ദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പും മൂന്നു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. നിലവില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറു വര്‍ഷത്തെ വിലക്കാണ് ഉണ്ടായിരുന്നത്.
Discussion about this post