ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ആധാറിന്റെ ഭരണഘടനാ സാധുതയെയും 2016ലെ ആധാര്‍ നിയമത്തെയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി. ആധാറില്‍ കൃത്രിമത്വം അസാധ്യമാണ്. അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ആധാറില്ലാത്തവരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതേസമയം, ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കുകയും ചെയ്തു. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്നും സുപ്രീം കോടതി അറിയിച്ചു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ ആധാര്‍ വിഷയത്തില്‍ ഒരേ നിലപാട് എടുത്തു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റീസ് എ.കെ. സിക്രി എന്നിവര്‍ അനുകൂല നിലപാട് എടുത്തപ്പോള്‍ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് അശോക് ഭൂഷണ്‍ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് 27 ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍.
വിധിയിലെ മുഖ്യ പരാമര്‍ശങ്ങള്‍
* ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ എന്നിവയ്ക്ക് ആധാര്‍ അനിവാര്യമല്ല.
* സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുത്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഒരു പദ്ധതികളും നിഷേധിക്കരുത്.
* ആധാര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്ക് പരാതി ഉന്നയിക്കാം.
* സിബിഎസ്ഇ, നീറ്റ്,യുജിസ് നെറ്റ് പരീക്ഷകള്‍ക്ക് നിര്‍ബന്ധമല്ല.
* പാന്‍ കാര്‍ഡ്, ആദായ നികുതി റിട്ടേണ്‍ എന്നിവയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
* മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറില്‍ ചേര്‍ക്കേണ്ടതില്ല.
* വിവരങ്ങള്‍ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുത്.
* ദേശീയ സുരക്ഷയുടെ പേരില്‍ ബയോമെട്രിക് വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറേണ്ട ആവശ്യമില്ല.
Discussion about this post