തൃശ്ശൂര്‍: നാട് കാത്തിരുന്ന പൂരത്തിന് കൊടിയേറി. പൂരത്തിന് ഇനി ആറ് ദിവസം മാത്രം. തിരുവമ്പാടി, പാറമേക്കാവ് ദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ തട്ടകവാസികള്‍ ചേര്‍ന്ന് കൊടിയേറ്റം നിര്‍വഹിച്ചപ്പോള്‍ തൃശ്ശൂര്‍ പൂരത്തെ വേറിട്ട് നിര്‍ത്തുന്ന ഒരു സവിശേഷതകൂടിയാണ് തെളിഞ്ഞത്. കൊടിയേറ്റാനുള്ള അവകാശം നാട്ടുകാര്‍ക്ക് ഉണ്ടെന്നുള്ളതാണ് അത്. പൂരത്തില്‍ പങ്കാളികളായ ഘടകദേശങ്ങളിലും വെള്ളിയാഴ്ച കൊടിയേറ്റച്ചടങ്ങ് നടന്നു. മെയ് 12 നാണ് തൃശ്ശൂര്‍ പൂരം. 10 ന് സാമ്പിള്‍ വെടിക്കെട്ട്. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം 10 ന് തുടങ്ങും. തിരുവമ്പാടിയുടേത് 11 നാണ് .
തിരുവമ്പാടിയില്‍ വെള്ളിയാഴ്ച രാവിലെ 11.30 നും 12 നും മധ്യേയാണ് കൊടിയേറ്റം നടന്നത്. രാവിലെ ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മകത്വം വഹിച്ചു. ഭൂമിപൂജയ്ക്കുശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍കെട്ടി ദേശക്കാര്‍ ഉയര്‍ത്തി.
പാറമേക്കാവില്‍ വെള്ളിയാഴ്ച രാവിലെ 11.35 നുശേഷം കര്‍ക്കടകരാശിയില്‍ കൊടിയേറ്റച്ചടങ്ങുകള്‍ തുടങ്ങി. വലിയപാണിക്കുശേഷം പുറത്തേയ്ക്ക് എഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിനിര്‍ത്തി ദേശക്കാര്‍ കൊടിയേറ്റി. കവുങ്ങിന്‍ കൊടിമരം അലങ്കരിച്ച് ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറയാണ് ഉയര്‍ത്തിയത്. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും മഞ്ഞക്കൊടി ഉയര്‍ത്തി.
Discussion about this post