ന്യൂഡല്‍ഹി: 2015 മുതല്‍ 2018 വരെയുള്ള ഗാന്ധിയന്‍ സമാധാന പുരസ്‌കാര ജേതാക്കളെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അക്രമ രാഹിത്യത്തിലൂടെയും ഗാന്ധിയന്‍ മാര്‍ഗങ്ങളിലൂടെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 2014ല്‍ ഐഎസ്ആര്‍ഒയ്ക്ക് അവാര്‍ഡ് ലഭിച്ചതിന് ശേഷം ഈ അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നില്ല.
2015ലെ ഗാന്ധിയന്‍ സമാധാന പുരസ്‌കാരം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിനാണ് ലഭിച്ചിരിക്കുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളുടെ വികസനത്തിനും വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ്. അക്ഷയ പാത്ര ഫൗണ്ടേഷനും, സുലഭ് ഇന്റര്‍നാഷണലിനുമാണ് 2016ലെ പുരസ്‌കാരം. രാജ്യത്ത് അങ്ങോളമിങ്ങോമുള്ള കുട്ടികള്‍ക്ക് ഇടനേരത്ത് ഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചതിനാണ് അക്ഷയ പാത്ര ഫൗണ്ടേഷന് അവാര്‍ഡ് നല്‍കുന്നത്. തോട്ടിപ്പണി ചെയ്യുന്നവരെ അതില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിച്ചതിനാണ് സുലഭ് ഇന്റര്‍നാഷണിന് അംഗീകാരം ലഭിച്ചത്.
ഏകല്‍ വിദ്യാലയങ്ങള്‍ നടത്തുന്ന ഏകയ് അഭിയാന്‍ ട്രസ്റ്റിനാണ് 2017ലെ പുരസ്‌കാരം. ഉള്‍പ്രദേശങ്ങളിലെയും വനവാസി വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 2018ലെ ഗാന്ധിയന്‍ പുരസ്‌കാരം യോഹെയ് സസകവയ്ക്കാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഗുഡ്വില്‍ അംബാസിഡറാണ് യോഹെയ് സസകവ. കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് എടുത്ത പ്രവര്‍ത്തനങ്ങളും സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എല്‍.കെ.അഡ്വാനി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1995 മുതലാണ് ഈ അവാര്‍ഡ് നല്‍കി വരുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.













Discussion about this post