അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച ദേവകി ശര്‍മ എന്ന യാചക സ്ത്രീ തന്റെ ആയുഷ്‌കാല സമ്പാദ്യമായ ആറ് ലക്ഷത്തി അറുപതിനായിരം രൂപ ഒരു ക്ഷേത്ര സമിതിയെ ഏല്‍പ്പിച്ചിരുന്നു. ആ തുക മഹത്തായ ഏതെങ്കിലും ആവശ്യത്തിന് വേണ്ടി ഉപയോഗിക്കണമെന്നായിരുന്നു അവര്‍ തന്റെ മരണത്തിന് മുന്‍പ് ആവശ്യപ്പെട്ടിരുന്നത്.
ആ പണത്തിന്റെ കൈകാര്യ ചുമതല വഹിച്ചിരുന്നവര്‍ കഴിഞ്ഞ ദിവസം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റായി കൈമാറുകയായിരുന്നു. ആ സംഭാവന ഇനി വീരമൃത്യു വരിച്ച സിഅര്‍പിഎഫ് സൈനികരുടെ കുടുംബങ്ങളിലേക്ക്.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയുമായി പ്രമുഖര്‍ നേരത്തേ രംഗത്തെത്തിയിരുന്നു. രാജ്യത്തിനായി ജീവന്‍ സമര്‍പ്പിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്തു നല്‍കിയാലും അത് മതിയാവില്ലെങ്കിലും,സാന്ത്വനവും,പരിരക്ഷയും നല്‍കി ഒപ്പം നില്‍ക്കുകയാണ് രാജ്യം.
അമിതാഭ് ബച്ചന്‍, വീരേന്ദര്‍ സേവാഗ്, മുകേഷ് അംബാനി തുടങ്ങിയവരാണ് സഹായഹസ്തവുമായി മുന്നോട്ട് വന്നിരുന്നു.ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് അമിതാഭ് ബച്ചന്‍ അറിയിച്ചിരുന്നു.
ബലിദാനികളായ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചുമതല താന്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ ക്രിക്കറ്റ് താരം സെവാഗ് അറിയിച്ചു. ‘ എന്തു ചെയ്താലും അധികമാവില്ല,എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്. അവര്‍ക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസം നല്‍കാനും ഒരുക്കമാണെന്നുമാണ് ‘ സേവാഗ് ട്വിറ്ററില്‍ കുറിച്ചത്.
ഹരിയാന പോലീസ് ഉദ്യോഗസ്ഥനായ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു.വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ എല്ലാവരും രംഗത്തുവരണമെന്നും വിജേന്ദര്‍ അഭ്യര്‍ഥിച്ചു.
വീരമൃത്യൂ വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മുകേഷ് അംബാനിയുടെ ജീവകാരുണ്യ സംരംഭമായ റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചു.
സൈനികരുടെ മക്കളുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ എല്ലാ ചുമതലകളും തങ്ങള്‍ ഏറ്റെടുക്കുന്നതായും, പരിക്കേറ്റ ഭടന്മാരുടെ മുഴുവന്‍ ചികിത്സാചിലവുകളും വഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. അളവറ്റ സഹായങ്ങളില്‍ ഉദാത്ത മാതൃകയാവുകയാണ് അജ്മീറില്‍ നിന്നുള്ള ഈ വേറിട്ട സഹായം.













Discussion about this post