ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ അഹമ്മദ് ഷുജ പാഷയുടെ ഭീഷണിയെത്തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സേനാ തലവന്മാരുടെ യോഗം വിളിച്ചുകൂട്ടി. ഒസാമ ബിന്‍ലാദന്റെ വധത്തിനുശേഷമുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ എടുത്തിട്ടുള്ള സുരക്ഷാ മുന്‍കരുതലുകള്‍ പ്രധാനമന്ത്രി പരിശോധിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന 90 മിനിറ്റ് യോഗത്തില്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്‌എ) ശിവശങ്കര്‍ മേനോന്‍, കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ്, വ്യോമസേനാ മേധാവി അഡ്മിറല്‍ നിര്‍മല്‍ വര്‍മ, വായുസേനാ മേധാവി ചീഫ് മാര്‍ഷല്‍ പി.വി.നായിക്, സുരക്ഷാ സെക്രട്ടറി പ്രദീപ് കുമാര്‍, ഡിആര്‍ഡിഒ ചീഫ് വി.കെ.സരസ്വത് എന്നിവര്‍ പങ്കെടുത്തു.
പാക്കിസ്ഥാനിലെയും ഇന്ത്യ-ചൈന അതിര്‍ത്തിയിലെയും സ്ഥിതിഗതികളും പ്രതിരോധ മന്ത്രാലയം കൈക്കൊണ്ടിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളും പ്രധാനമന്ത്രി വിലയിരുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ നിരന്തരം പ്രകോപിപ്പിക്കുന്ന പ്രസ്താവനകളിറക്കുന്നത് ഇന്ത്യ കാര്യമായി കാണുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ നടപടി വ്യക്തമാക്കുന്നത്. ഐഎസ്‌ഐ മേധാവിയുടെ പ്രസ്താവന സ്വന്തം പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ലാദന്റെ ഒളിത്താവളം കണ്ടെത്തുന്നതില്‍ പാക്കിസ്ഥാന്റെ സുരക്ഷാ വിഭാഗം പരാജയപ്പെട്ടെന്ന് മനസ്സിലായപ്പോള്‍ പാഷയ്ക്കുണ്ടായ പരിഭ്രമത്തിന്റെ പ്രതിഫലനമാണ് പ്രസ്താവനകളില്‍ കാണുന്നത്, ഇന്ത്യ പറഞ്ഞു. പാക്കിസ്ഥാനില്‍ ദിവസേനയുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളും സൗദി നയതന്ത്ര പ്രതിനിധി കൊല്ലപ്പെട്ടതും ചൂണ്ടിക്കാട്ടിയ ഇന്ത്യ, ഇന്ത്യക്കെതിരെ ഭീഷണിയിറക്കാതെ സ്വന്തം രാജ്യത്തിന്റെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് പാക്കിസ്ഥാന് നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.
അബോട്ടാബാദ് മാതൃകയിലുള്ള ആക്രമണത്തിന് ഇന്ത്യ തയ്യാറായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഐഎസ്‌ഐ മേധാവി അഹമ്മദ് ഷൂജപാഷ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട സ്ഥലം ഏതൊക്കെയാണെന്ന പാക്സൈന്യം തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ റിഹേഴ്സല്‍ പോലും നടന്നുകഴിഞ്ഞതായും സെനറ്റിന്റേയും നാഷണല്‍ അസംബ്ലിയുടേയും സംയുക്ത രഹസ്യയോഗത്തില്‍ പാഷ പറഞ്ഞു. ഇത് രണ്ടാംതവണയാണ് ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ മെയ് രണ്ടിന് ലാദന്‍ കൊല്ലപ്പെട്ടതിനുശേഷം അമേരിക്കയുടെ അബോട്ടാബാദ് മാതൃകയിലുള്ള ആക്രമണം നടത്താന്‍ ഇന്ത്യന്‍ സൈന്യത്തിനും ശേഷിയുണ്ടെന്ന് കരസേനാമേധാവി ജനറല്‍ വി.കെ.സിംഗ് പ്രതികരിച്ചിരുന്നു. 2008 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ പലരും പാക്കിസ്ഥാനില്‍ സുരക്ഷിതരായി കഴിയുന്ന അവസരത്തില്‍ ഇന്ത്യയുടെ പ്രതികരണം പാക്കിസ്ഥാനെ അലോസരപ്പെടുത്തിയിരുന്നു. അബോട്ടാബാദ് മോഡലിന് ഇന്ത്യ മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ആ അവസരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ലോകം തിരഞ്ഞുകൊണ്ടിരുന്ന ആഗോളഭീകരന്‍ പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്നും അധികം അകലെയല്ലാതെ സൈനിക അക്കാദമിക്കരികില്‍ വര്‍ഷങ്ങളോളം ഒളിച്ചുതാമസിച്ചത് ഐഎസ്‌ഐയുടെ പരാജയമാണെന്ന് ലോകരാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. പാക് ഭരണകൂടത്തിന്റെ അറിവോടെയാണ് ലാദന്‍ ഒളിവില്‍ കഴിഞ്ഞതെന്ന സംശയവും ഉയര്‍ന്നിരുന്നു. ഒരു കാര്യത്തിലും വ്യക്തമായ വിശദീകരണം നല്‍കാനാകാതെ കുഴയുകയാണ് ഐഎസ്‌ഐ മേധാവി. ഈ അവസരത്തിലാണ് ഇന്ത്യയ്ക്ക് നേരെ ഭീഷണിയുയര്‍ത്തി ശ്രദ്ധതിരിക്കാനുള്ള പാക് നീക്കം.
Discussion about this post