മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക്(പിഎന്‍ബി) തട്ടിപ്പില്‍ രാജ്യംവിട്ട നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. അലിബാഗിലെ നൂറു കോടി രൂപ മൂല്യമുള്ള കെട്ടിടമാണ് പൊളിച്ചത്. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തി ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അലിബാഗിലെ കൈയേറ്റ ഭൂമിയിലാണ് 33,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. 25 കോടി രൂപയാണ് ബംഗ്ലാവിന്റെ നിര്‍മാണത്തിനായി നീരവ് മോദി ചെലവഴിച്ചതെന്ന് വിവരം. പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച നിര്‍മിച്ച കെട്ടിടങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി ബംഗ്ലാവും പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്നു റായ്ഗഡ് കലക്ടറുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ റിസോര്‍ട്ടിന് സമാനമായ കെട്ടിടം പൊളിച്ചുമാറ്റുന്നത് എളുപ്പമല്ലാത്തതിനാല്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ കളക്ടര്‍ തീരുമാനമെടുക്കുകയായിരുന്നു. 30 കിലോ സ്‌ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തൂണുകളില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് തകര്‍ത്തു. ബംഗ്ലാവ് പൊളിക്കുന്നതിനെതിരെ ഹര്‍ജി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനധികൃത നിര്‍മാണം പൊളിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്‌ഫോടനത്തിലൂടെ തകര്‍ത്ത കെട്ടിടത്തിലെ അകത്തെ മൂല്യമേറിയ വസ്തുക്കള്‍ ലേലത്തില്‍ വയ്ക്കുമെന്നാണ് പ്രാഥമിക വിവരം.













Discussion about this post