ന്യൂഡല്‍ഹി: ദയാനിധി മാരന്‍ ടെലികോം മന്ത്രിയായിരിക്കേ ചില കമ്പനികളെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തെക്കുറിച്ചു സി.ബി.ഐ അന്വേഷണം തുടങ്ങി. എയര്‍സെല്ലില്‍ ഓഹരിയുണ്ടായിരുന്ന പ്രവാസി വ്യവസായി സി. ശിവശങ്കരനില്‍ നിന്നും സി.ബി.ഐ ഉടന്‍ മൊഴി രേഖപ്പെടുത്തും. എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരിയുള്ള മാക്സിസ് ഗ്രൂപ്പിന്റെ മുന്‍ ഉടമയാണു ശിവശങ്കരന്‍. ഇപ്പോഴത്തെ ഉടമയായ അനന്തകൃഷ്ണന് ഓഹരികള്‍ കൈമാറും വരെ എയര്‍സെല്ലിനു ലൈസന്‍സ് നല്‍കുന്നത് മാരന്‍ വൈകിച്ചുവെന്നാണ് ആരോപണം. അനന്തകൃഷ്ണന്റെ കമ്പനി പിന്നീട് മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ഡയറക്റ്റ് കമ്പനിയില്‍ നിക്ഷേപം നടത്തിയെന്നു തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു സി.ബി.ഐ വൃത്തങ്ങള്‍ സൂചന നല്‍കി. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും. അന്വേഷണത്തിന്റെ ഭാഗമായി ദയാനിധി മാരനെ സി.ബി.ഐ ചോദ്യം ചെയ്തേക്കും. ക്രമക്കേട് നടന്നുവെന്ന് ബോധ്യമായാല്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യും. മാരനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Discussion about this post