ഹരിദ്വാര്‍: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ അനിശ്ചിതകാലസത്യാഗ്രഹം നടത്തുന്ന യോഗ ഗുരു ബാബ രാംദേവിന്റെ ആസ്തി 1100 കോടി രൂപ. എല്ലാ ട്രസ്റ്റുകളുടെയും ആകെ മൂലധനം 426.19 കോടി രൂപ വരുമെന്നും ജീവകാരുണ്യ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 751.02 കോടി രൂപ ചെലവഴിച്ചെന്നും രാംദേവിന്റെ വിശ്വസ്തന്‍ ആചാര്യ ബാലകൃഷ്ണ ഹരിദ്വാറില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് വെളിപ്പെടുത്തലെന്ന് ബാലകൃഷ്ണ പറഞ്ഞു.
എന്നാല്‍, രാംദേവിന് ബന്ധമുള്ള കമ്പനികളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. വിവരാവകാശനിയമപ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍നിന്ന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും ആദായനികുതിവകുപ്പിന് കണക്കുനല്‍കുന്നതിനാല്‍ ട്രസ്റ്റിന്റെ ആസ്തി സര്‍ക്കാര്‍ ഇപ്പോള്‍ ത്തന്നെ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഓഡിറ്റ് നടക്കുന്നുണ്ട്. ബാലന്‍സ് ഷീറ്റ് ഉണ്ടാക്കുന്നുണ്ട്.
എന്താണ് കിട്ടിയതെന്നും എത്ര ചെലവാക്കിയെന്നും ആരാണ് പണം നല്‍കിയതെന്നും എവിടേക്കാണ് പണം പോയതെന്നുമെല്ലാം ഇതിലുണ്ട്. ട്രസ്റ്റുകളുടെ നികുതിവിവരങ്ങളും ബാലന്‍സ് ഷീറ്റുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് – ബാലകൃഷ്ണ പറഞ്ഞു. ട്രസ്റ്റിന്റെ ലൈസന്‍സ് രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കും. അക്കൗണ്ടില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടെങ്കില്‍ ലൈസന്‍സ് പുതുക്കിക്കിട്ടില്ല. എല്ലാ കാര്യവും പൂര്‍ണമായും സുതാര്യമാണ്. ബിഹാര്‍ വെള്ളപ്പൊക്കം, ഉത്തരാഖണ്ഡിലെ ദുരന്തങ്ങള്‍, സുനാമി തുടങ്ങിയവയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യയോഗ മന്ദിര്‍ ട്രസ്റ്റിന് 249.63 കോടി രൂപ, പതഞ്ജലി യോഗപീഠത്തിന് 164.80 കോടി രൂപ, ഭാരത് സ്വാഭിമാന്‍ ട്രസ്റ്റിന് 9.97 കോടിരൂപ, ആചാര്യ ശിക്ഷ സന്‍സ്താനിന് 1.79 കോടി രൂപ എന്നിങ്ങനെയാണ് ഓരോ ട്രസ്റ്റിന്റെയും മൂലധനം. ആറാംദിവസമായ വ്യാഴാഴ്ചയും നിരാഹാരം തുടര്‍ന്ന രാംദേവ് നാരങ്ങനീരും തേനും കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, തൂക്കം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധിച്ച് ഗ്ലൂക്കോസ് നല്‍കേണ്ടിവരുമെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. നിരാഹാരം തുടങ്ങുമ്പോള്‍ 60 കിലോ ആയിരുന്ന രാംദേവിന്റെ ശരീരഭാരം 58.5 കിലോ ആയി കുറഞ്ഞു.
അതിനിടെ, സായുധസേന രൂപവത്കരിക്കുമെന്ന പ്രസ്താവനയുടെ പേരില്‍ രൂക്ഷവിമര്‍ശനം നേരിടുന്ന സാഹചര്യത്തില്‍ രാംദേവ് വിശദീകരണവുമായി രംഗത്തെത്തി. ഭീകരരെയോ മാവോവാദികളെയോ പരിശീലിപ്പിക്കാനല്ല താന്‍ ശ്രമിക്കുന്നതെന്നും ദേശീയ സേനയുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹരിദ്വാറിലെ പതഞ്ജലി യോഗാപീഠത്തില്‍ അനിശ്ചിതകാലനിരാഹാരം നടത്തുന്ന അദ്ദേഹം പറഞ്ഞു.
Discussion about this post