ഹരിദ്വാര്‍: യോഗ ഗുരു ബാബ രാംദേവ് നിരാഹാരം അവസാനിപ്പിച്ചു. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ സന്ന്യാസിമാരുടെ സംഘം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഒമ്പത് ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിക്കാന്‍ രാംദേവ് തയാറായത്. ശ്രീ ശ്രീ രവിശങ്കര്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഡോക്ടര്‍മാരും അദ്ദേഹത്തോട് സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല.
രാംദേവുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
എന്നാല്‍ അവസാന ശ്വാസം വരെ അഴിമതിക്കെതിരായ സമരം തുടരുമെന്നു രാംദേവ് പറഞ്ഞു. ശ്രീശ്രീയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നിരാഹാരം അവസാനിപ്പിച്ചതെന്നു രാംദേവിന്റെ കൂട്ടാളി ആചാര്യ ബാലകൃഷ്‌ണന്‍ അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാംദേവിനെ ശനിയാഴ്ച ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.അതേസമയം രാംദേവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഹിമാലയന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ രാംദേവ് ഉടനെ ആശുപത്രി വിടില്ല. അദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേക്കു മാറ്റിയിരിക്കുകയാണ്. ഡല്‍ഹിയില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു ഹരിദ്വാറില്‍ നിരാഹാരം തുടര്‍ന്ന രാംദേവിനെ ആരോഗ്യം മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രാംദേവ് നിരാഹാരം അവസാനിപ്പിച്ചെന്നു വാര്‍ത്ത വന്നതിനെ തുടര്‍ന്നു അദ്ദേഹത്തിന്റെ അനുയായികള്‍ ആശുപത്രിക്കു മുന്‍പില്‍ ആഹ്ലാദപ്രകടനം നടത്തി.