കൊച്ചി: പാപ്പിനിശേരിയിലെ കണ്‌ടല്‍ പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്രനിര്‍ദേശം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേസ് ഒരാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് എസ്.സിരിജഗന്റെതാണ് ഇത് സംബന്ധിച്ച ഉത്തരവ്.
കണ്‌ടല്‍ പാര്‍ക്ക് സ്വകാര്യഭൂമിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇവിടെ മറ്റു പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്‌ട്. ദേശീയ തീരദേശ മാനേജ്‌മെന്റ് അഥോറിറ്റി , സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റി എന്നിവയുടെ അനു മതിയോടെയാണു കണ്‌ടല്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചുവരുന്നത്.ഈ രണ്‌ട് അഥോറിറ്റിയുടെയും അധികാരം കവര്‍ന്നുകൊണ്‌ട് കേന്ദ്ര പരിസ്ഥിതി -വനം മന്ത്രാലയം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്‌ഷന്‍ -അഞ്ച് പ്രകാരം പുറപ്പെടുവിച്ച നിര്‍ദേശം സ്വാഭാവിക നീതിയുടെ ലംഘനവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഇവിടത്തെ നീരൊഴുക്കിന്റെ സ്വാഭാവികതയ്‌ക്ക് തടസം നേരിട്ടാല്‍ മാത്രമാണ് ഈ നിയമം പ്രയോഗിക്കാനാവൂയെന്നും ഇത്തരം സാഹചര്യം നിലനില്‍ക്കുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്‌ടിക്കാണിക്കുന്നു. പാപ്പിനിശേരി ഇക്കോ ടൂറിസം സമിതി പ്രസിഡന്റ് എന്‍. ഉണ്ണിക്കണ്ണനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
പാര്‍ക്കിന്റെ പ്രവര്‍ത്തനം തീരപരിപാലന നിയമം ലംഘിച്ചാണെന്നും ബണ്‌ട് നികത്തി റോഡാക്കിയെന്നും ആരോപിച്ച് കെ. സുധാകരന്‍ എംപി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വി.സെന്തില്‍വേലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കേസ് ഹൈക്കോടതി പിന്നീട് പരിഗണിക്കും.
Discussion about this post