പൊന്‍കുന്നം: ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിച്ച കേസില്‍ ഒളിവിലായിരുന്ന ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ കീഴടങ്ങി. മാനേജിങ് ഡയറക്ടര്‍ സാജു കടവിലാനും ഡയറക്ടര്‍ രാജീവ്കുമാര്‍ ചെറുവാരയും പൊന്‍കുന്നം കോടതിയിലാണ് കീഴടങ്ങിയത്. ഒരു മാസത്തോളമായി ഇവര്‍ ഒളിവിലായിരുന്നു.
150 കോടി രൂപയുടെ തട്ടിപ്പ് ഇവര്‍ നടത്തിയതായാണ് പോലീസ് ഇതുവരെ കണ്ടെത്തിയത്. പ്രതികള്‍ക്ക് എതിരെ 67 ഓളം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമായും 10 നിര്‍മാണ പദ്ധതികളാണ് സ്ഥാപനം നടത്തിയിട്ടുള്ളത്. ഒരു പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉടമകള്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് പോലീസിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്‍പത് ബാങ്കുകളിലായി സ്ഥാപനത്തിന് ഉണ്ടായിരുന്ന കോടികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചു കൊണ്ടായിരുന്നു ഇവര്‍ ഒളിവില്‍ പോയത്.
10 പ്രോജക്ടുകളുമായി ബന്ധപ്പെട്ട കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. മഞ്ഞുമ്മലിലെ ഐസ്, പാടിവട്ടത്തെ ബിഗ് ആപ്പിള്‍, വാഴക്കാലയിലെ ആപ്പിള്‍ ഹൈറ്റ്‌സ്, കാക്കനാട്ടെ ആപ്പിള്‍ ഡോട്ട് കോം, നെടുമ്പാശ്ശേരിയിലെ വണ്‍ ബിഎച്ച്‌കെ, തൈക്കാട്ടുശ്ശേരിയിലെ ന്യൂകൊച്ചി, ചളിക്കവട്ടത്തെ കൂള്‍ഹോം, തമ്മനത്തെ ഗസ്റ്റ് ഹൗസ്, കാലടിയിലെ നെയ്ബര്‍ഹുഡ്, എറണാകുളം സൗത്തിലെ മൈഹോം തുടങ്ങിയ പ്രോജക്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
എറണാകുളം നോര്‍ത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ അഞ്ച് എസ്.ഐമാരുള്ള സംഘമാണ് ഫ്ലാറ്റ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്.
കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ നേരിട്ടും ഈമെയില്‍ വഴിയും പോലീസിന് പരാതികള്‍ നല്‍കിയിരുന്നു. ഒട്ടേറെ പ്രവാസികളും തട്ടിപ്പിനിരയായിട്ടുണ്ട്. ബിഗ് ആപ്പിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിക്കാര്‍ ചേര്‍ന്ന് ബിഗ് ആപ്പിള്‍ ബയേഴ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ന്യൂകൊച്ചി പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം കേസുകളെടുത്തത്.
Discussion about this post