കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സ്വാശ്രയ കോഴ്‌സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് ക്രിയാത്മക ഇടപെടല്‍ ആവശ്യമാണെന്നും ഫീസ് സംബന്ധിച്ച അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോടതിയെ സമീപിക്കേണ്ടത് മുഹമ്മദ് കമ്മിറ്റിയാണോ സര്‍ക്കാരോ വിദ്യാര്‍ത്ഥികളോ അല്ലേയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തില്‍ സമഗ്രമായ പരിഹാരം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണ് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ഫീസ് വാങ്ങുന്ന കാര്യത്തില്‍ മാനേജ്‌മെന്റുകള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ച മുഹമ്മദ് കമ്മിറ്റിയുടെ അപ്പീല്‍ നേരത്തെ സിംഗിള്‍ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് കമ്മിറ്റി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. ഇത് പരിഗണിക്കവേയാണ് കോടതി ഈ ചോദ്യങ്ങളുയര്‍ത്തിയത്.
എന്നാല്‍ മുഹമ്മദ് കമ്മിറ്റിയുടെ നിയന്ത്രണം സര്‍ക്കാരിന്റെ പരിധിയിലല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും എ.ജി. വ്യക്തമാക്കി. മുഹമ്മദ് കമ്മിറ്റിയെ കയ്യൊഴിയുന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ നയപരമായ നിലപാടില്ലേ എന്ന് കോടതി വീണ്ടും ചോദിച്ചു. ഇതിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല. തുടര്‍ന്ന് കേസ് വീണ്ടും ഹൈക്കോടതി ഈ മാസം 23 ന് പരിഗണിക്കാനായി മാറ്റിവെച്ചു.
Discussion about this post