തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തില്‍ താന്‍ വീണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം വേദനാജനകമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കള്ളവോട്ടുമായി ബന്ധപ്പെട്ടു ഒരു രാഷ്ട്രീയ നേതാവിന്റെ ഭീഷണിയും തന്നെ ബാധിക്കില്ലെന്നും നിയമപരവും ഭരണഘടനപരവുമായ നടപടികള്‍ക്കുള്ളില്‍ നിന്നു മുഖം നോക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി എന്ന നിലയിലുള്ള നടപടി ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തില്‍ സിഇഒ വീണുവെന്ന കോടിയേരിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഗം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര സിദ്ധാന്തം പാലിക്കുന്നയാളാണു താന്‍. ആരു കള്ളവോട്ടു ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. സിഇഒ കേസരയില്‍ ഇരിക്കുമ്പോള്‍ അതിന്റേതായ സത്യസന്ധത പാലിക്കാന്‍ തനിക്ക് ഉത്തരവാദിത്വമുണ്ട്. നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്‍വകവുമായാണു കാര്യങ്ങളാണു ചെയ്യുന്നത്. അത് ഇനിയും തുടരും. നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. ഇനി പ്രവര്‍ത്തിക്കുകയുമുള്ളൂ. എതിര്‍കക്ഷിയെ കേള്‍ക്കാതെ തീരുമാനം എടുത്തുവെന്ന ആരോപണം ശരിയല്ല. അന്വേഷണത്തിന്റെ ഭാഗമായി കളക്ടര്‍ അവരുടെ മൊഴി എടുത്തിരുന്നു. കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ തീരുമാനവും വന്നത്. ജോലിക്കിടെ തനിക്ക് അസുഖകരമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരാറുണ്ട്. അതില്‍ രാഷ്ട്രീയം കാണാറില്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാറില്ല. തെറ്റു ചൂണ്ടിക്കാട്ടേണ്ടതു മാധ്യമ ധര്‍മമാണ്. അത് ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷിച്ചു ശരിയാണെന്നു ബോധ്യപ്പെട്ടാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Discussion about this post