മുംബൈ: ആര്‍ടിജിഎസിനും(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം) എന്‍ഇഎഫ്ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട്‌സ് ട്രാന്‍സ്ഫര്‍)നും ഈടാക്കിയിരുന്ന ചാര്‍ജുകള്‍ ഒഴിവാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബാങ്കുകള്‍ അവരുടെ ഇടപാടുകാരില്‍നിന്നു സ്വീകരിക്കുന്ന ചാര്‍ജുകളിലും കുറവ് വരുത്തണമെന്നും ഇതു സംബന്ധിച്ച നിര്‍ദേശം ഒരാഴ്ചയ്ക്കുള്ളില്‍ ബാങ്കുകള്‍ക്കു നല്‍കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ നടപടി. രണ്ടു ലക്ഷം വരെയുള്ള തുകയുടെ വിനിമയത്തിനാണ് എന്‍ഇഎഫ് ടി. രണ്ടു ലക്ഷത്തില്‍ കൂടിയ തുകയുടെ വിനിമയമാണ് ആര്‍ടിജിഎസിലൂടെ നടത്താറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ഒരു രൂപ മുതല്‍ അഞ്ചു രൂപവരെയും ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് അഞ്ചുരൂപ മുതല്‍ 50 രൂപവരെയുമാണ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
കൂടാതെ എടിഎം മെഷീന്‍ ഉപയോഗത്തിനു ചാര്‍ജ് ഈടാക്കുന്ന നടപടി പരിശോധിക്കാന്‍ കമ്മിറ്റിയെയും റിസര്‍വ് ബാങ്ക് നിയോഗിച്ചു. ‘രാജ്യത്ത് എടിഎം ഉപയോഗം അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍, ഇതോടൊപ്പംതന്നെ എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ചാര്‍ജ് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ വിഷയം പഠിക്കാനും ആവശ്യമായ റിപ്പോര്‍ട്ട് നല്‍കാനും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ സിഇഒ ചെയര്‍മാനായ കമ്മിറ്റിയെ നിയോഗിക്കുകയാണ്”- റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റിയുടെ നിര്‍ദേശം. കമ്മിറ്റിയുടെ കാലാവധിയും ഘടനയും ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
Discussion about this post