ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോട് തനിക്ക് എതിര്‍പ്പില്ല. എന്നാല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഇത് അസ്ഥിരത ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. ലോക്പാല്‍ ബില്‍ സംബന്ധിച്ച് സമവായം ഉണ്ടാക്കാനുള്ള ശ്രമം തുടരും. ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ധനമന്ത്രിയുടെ ഓഫീസില്‍നിന്ന് രഹസ്യങ്ങള്‍ ചോരുന്നുവെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഇന്റലിജന്‍സ് ബ്യൂറോ ഇതേക്കുറിച്ച് അന്വേഷണം നടത്തി. ഇതുസംബന്ധിച്ച വിവാദം അടഞ്ഞ അധ്യായമാണ്. സോണിയാഗാന്ധിയില്‍നിന്ന് മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷയെന്ന നിലയില്‍ സോണിയയുടെ പ്രവര്‍ത്തനം മികച്ചതാണ്.
രാംലീല മൈതാനിയില്‍ ബാബ രാംദേവിനും അനുയായികള്‍ക്കും നേരെ ഉണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ സര്‍ക്കാരിന് മറ്റ് പോംവഴി ഉണ്ടായിരുന്നില്ല. കള്ളപ്പണവും അഴിമതിയും നികുതിവെട്ടിപ്പും തടയാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും. മന്ത്രിസഭാ പുന: സംഘടന ഉടന്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post