തിരുവനന്തപുരം: രാജ്ഭവനില്‍ പൊതുമരാമത്ത് വകുപ്പിനായി നിര്‍മിച്ച പുതിയ കെട്ടിടം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗം ചെറിയ ഒറ്റമുറിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് പുതിയ കെട്ടിടത്തിന് നിര്‍മാണ അനുമതിയായത്.
രാജ്ഭവനിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങള്‍ക്ക് പരിഹാരം കാണാനായതായി ഗവര്‍ണര്‍ പറഞ്ഞു. മതിലുകളുടെ ഉയരം കൂട്ടാനും സുരക്ഷാ ഉദ്യോഗസഥരുടെയും ഗാര്‍ഡനര്‍മാരുടെയും വിശ്രമമുറികള്‍ മികച്ചതാക്കാനും കഴിഞ്ഞു. മരച്ചില്ലകള്‍ വീണ് വൈദ്യുത ലൈനുകള്‍ തകരാറാകുന്നത് തടയാന്‍ കേബിളുകള്‍ ഭൂമിക്കടിയിലൂടെയാക്കി. ചെടികളിലും മരങ്ങളിലും നല്‍കിയിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ശാസ്ത്രീയനാമം ഉള്‍പ്പെടെ വ്യക്തമാക്കുന്ന ഡിജിറ്റല്‍ പൂന്തോട്ടവും രാജ്ഭവനില്‍ തയാറാണ്. പുതിയ കെട്ടിടം 11 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചതിന് വകുപ്പിനെ ഗവര്‍ണര്‍ പ്രത്യേകം അഭിനന്ദിച്ചു. കെട്ടിടത്തിന്റെ കരാറുകാരന്‍ എം. ബിജുവിനെ ചടങ്ങില്‍ ആദരിച്ചു.
രാജ്ഭവനിലെ മറ്റു കെട്ടിടങ്ങളുടെ നിര്‍മാണ ശൈലിയ്ക്ക് അനുയോജ്യമായ വിധമാണ് പുതിയ കെട്ടിടവും രൂപകല്പന ചെയ്തിരിക്കുന്നത്. 82.64 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. മൂന്ന് നിലകളായുള്ള കെട്ടിടത്തിന് 440 ചതുരശ്രമീറ്ററാണ് വിസ്തീര്‍ണം. പമ്പ് ഓപ്പറേറ്റര്‍ റൂം, പമ്പ് ഹൗസ്, ഇലക്ട്രിക്കല്‍ സ്റ്റോര്‍ റൂം അടങ്ങുന്ന കെട്ടിടത്തില്‍ പി.ഡബ്ല്യു.ഡി. സിവില്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളാണ് പ്രവര്‍ത്തിക്കുക. രാജ്ഭവനിലെ സി. സി. ടി. വി. ക്യാമറകളുടെ സജ്ജീകരണത്തിന് ഒരു നില ഉപയോഗിക്കും. കൂടുതല്‍ പ്രദേശത്ത് സി. സി. ടി. വികള്‍ സ്ഥാപിക്കും. കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തുകള്‍ ഗവര്‍ണറും പത്‌നി സരസ്വതിയും ചേര്‍ന്ന് വിതരണം ചെയ്തു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ധൊദാവത്, ചീഫ് എന്‍ജിനീയര്‍ ഇ. കെ. ഹൈദ്രു, ചീഫ് ആര്‍ക്കിടെക്ട് പി. എസ്. രാജീവ്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഹരിലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post