ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ വിളിച്ചുവരുത്തിയാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. ഭാരതത്തിന്‍റെ അഭിമാന പദ്ധതിയും ലോകം ഉറ്റുനോക്കുന്ന ദൗത്യവുമായ ചന്ദ്രയാന്‍-2 അടുത്തമാസമാണ് വിക്ഷേപിക്കുന്നത്. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പോയവാരം പുറത്തുവിട്ടിരുന്നു. ജൂലൈ ഒന്പതിനും പതിനാറിനും ഇടയ്ക്ക് പേടകവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. 10 വര്‍ഷം മുന്പായിരുന്നു ചന്ദ്രയാന്‍-2-ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ -2 ദൗത്യത്തിനുള്ളത്. ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് മൊഡ്യൂളിലുള്ളത്. വിക്രം എന്നു പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചാന്ദ്രോപരിതലത്തില്‍ ഇറങ്ങുംവിധമാണ് ദൗത്യം. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. പ്രഗ്യാന്‍ എന്നാണ് റോവറിന്റെ പേര്. കഴിഞ്ഞ മേയില്‍ ചന്ദ്രയാന്‍-2 വിക്ഷേപണം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍ക്കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ദൗത്യം നീട്ടി വയ്ക്കുകയായിരുന്നു.
Discussion about this post