തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ നാടും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം വന്നതോടെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് രംഗം നല്ലതുപോലെ മെച്ചപ്പെടുകയും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് അഞ്ചുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ വന്നുചേര്‍ന്നത് അതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന പ്രൈമറി സ്‌കൂളുകള്‍ക്കുള്ള ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അക്കാദമിക് രംഗം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷമായ പദ്ധതിയാണ് ഹൈടെക് ലാബ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 493 കോടി രൂപയുടെ പദ്ധതിയിലൂടെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയ്ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഉള്ളടക്കവിന്യാസം, സമഗ്ര പോര്‍ട്ടല്‍, മുഴുവന്‍ അധ്യാപകര്‍ക്കും ഐടി അധിഷ്ഠിത പരിശീലനം എന്നിവ ലക്ഷ്യമിടുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 9941 പ്രൈമറി സ്‌കൂളുകളില്‍ 292 കോടി രൂപയുടെ പദ്ധതികൂടി നടപ്പാക്കുമ്പോള്‍ ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലായി, പതിനയ്യായിരത്തോളം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 41 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഐടിയുടെ സാധ്യത പഠനബോധനപ്രക്രിയയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് തിരിച്ചറിഞ്ഞാണ് ഐടി അധിഷ്ഠിത പഠനപ്രക്രിയയ്ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. വിദ്യാര്‍ഥികളുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയ്ക്ക് ഹൈടെക് ലാബ് പദ്ധതി ഉപകാരപ്പെടുന്നുണ്ടെന്ന് അധ്യാപകരും രക്ഷാകര്‍ത്താക്കളും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഹൈടെക് ലാബ് പദ്ധതി നടപ്പാക്കുന്നതോടെ കേരളം ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്ക് എന്ന സങ്കേതത്തിലേക്കു നാം കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ആധുനികസാങ്കേതികവിദ്യ പഠനസ്ഥലത്ത് എത്തിക്കുക സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്. അത് തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ഉപയോഗപ്പെടുത്തുക എന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് ക്ളബ്ബുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.
Discussion about this post