തിരുവനന്തപുരം: ആയുര്‍വേദത്തിലും മറ്റ് പരമ്പരാഗത ചികിത്സാരീതികളിലും കൂടുതല്‍ ആധികാരികമായ ഗവേഷണം ആവശ്യമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ചികിത്സാസമ്പ്രദായം എന്ന നിലയില്‍ ആയുര്‍വേദം ഇന്ന് സമൂഹത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും. എങ്കിലും ചില ഗവേഷകരുടെയിടയില്‍ ആയുര്‍വേദത്തിലെ പുതിയ വികാസങ്ങളോടുള്ള വിമുഖത മാറേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. പുതിയ തലമുറയിലെ ഡോക്ടര്‍മാര്‍ ആയുര്‍വേദത്തിലൂടെ അടിയന്തര ചികിത്സ നടപ്പാക്കാനുള്ള രീതികള്‍ ചര്‍ച്ച ചെയ്യുന്നത് സന്തോഷകരമാണ്. ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായ നയതീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. ഉത്തര മലബാറില്‍ സ്ഥാപിക്കുന്ന അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മേഖലയില്‍ ആഗോളതലത്തില്‍തന്നെ സുപ്രധാനകേന്ദ്രമായി മാറും. യുവബിരുദധാരികള്‍ തങ്ങളുടെ ചികിത്സാവിജ്ഞാനം സമൂഹവുമായി കൂടുതല്‍ പങ്കിടാന്‍ തയാറാകണം. അഞ്ചുവര്‍ഷമെങ്കിലും ഗ്രാമീണമേഖലകളില്‍ ജോലി ചെയ്യാന്‍ അവര്‍ തയാറാകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മേഖലയില്‍ വലിയമാറ്റം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രി പറഞ്ഞു. അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആയുര്‍വേദ കോളേജുകളുടെ ഉന്നമനത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 160 പുതിയ തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.
ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോളിക്കുട്ടി ഈപ്പന്‍, ആര്‍.എം.ഒ ഡോ. എസ്.ഗോപകുമാര്‍, സൂപ്രണ്ട് ഡോ.രഘുനാഥന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു. 63 വിദ്യാര്‍ഥികളാണ് ചടങ്ങില്‍ ബിരുദധാരണം നടത്തിയത്. മികവിനുള്ള പുരസ്‌കാരം ഡോ. ജെസ്നി വി.ജോസിന് ഗവര്‍ണര്‍ സമ്മാനിച്ചു.
Discussion about this post