തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ പാളിച്ചയാണ് പോലീസിന് ഉണ്ടായതെന്ന് പിണറായി കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നില്‍ക്കുന്നതിലും പോലീസിന് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നിന്നുവെന്ന് എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഡ്യൂട്ടിയില്‍ നിന്ന് ബോധപൂര്‍വ്വം മാറി നിന്നു. മനിതി സംഘമെത്തിയപ്പോള്‍ ഉത്തരവാദിത്തം മറന്ന പോലീസുകാര്‍ സ്വന്തം താല്‍പര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ചില ഉദ്യോഗസ്ഥര്‍ നാറാണത്ത് ഭ്രാന്തനെപ്പോലെ പെരുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് സേനയില്‍ നിന്ന് പലപ്പോഴും വിവരങ്ങള്‍ ചോര്‍ന്നെന്നും ഇത് പ്രശ്‌നങ്ങള്‍ ആളിക്കത്തുന്നതിന് ഇടയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കസ്റ്റഡി മരണത്തിലും മുഖ്യമന്ത്രി സേനയെ വിമര്‍ശിച്ചു. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













