ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിലകുറഞ്ഞ ലാപ്‌ടോപ് പുറത്തിറങ്ങി. ന്യൂഡല്‍ഹിയില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബലാണ് ഈ ഇന്ത്യന്‍ബ്രാന്‍ഡ് ലാപ്‌ടോപ് പുറത്തിറക്കിയത്.
പ്രൈമറി സ്‌കൂള്‍മുതല്‍ കോളജ്‌തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‌കാനായി നിര്‍മിച്ച ഈ ലാപ്‌ടോപ് ലോ കോസ്റ്റ് ആക്‌സസ് കം കംപ്യൂട്ടിംഗ് ഡിവൈസ് എന്നാണറിയപ്പെടുക. ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ഈ ലാപ്‌ടോപിന് 1,500 രൂപയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നതെങ്കിലും 50 ശതമാനം കേന്ദ്രസബ്‌സിഡിയില്‍ കേവലം 750 രൂപയ്‌ക്കു നല്‌കാനാണ് സര്‍ക്കാര്‍തീരുമാനം.
കാഴ്‌ചയില്‍ ഐപാഡ് പോലെ തോന്നിക്കുന്ന ടച്ച് സ്‌ക്രീന്‍ ഉപകരണത്തില്‍ സാധാരണ കംപ്യൂട്ടറിലെ ഒട്ടുമിക്ക കാര്യങ്ങളും ചെയ്യാനാവും.മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ബാംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്, കാണ്‍പൂര്‍, ഖോരക്‌പൂര്‍, ചെന്നൈ, മുംബൈ ഐഐടികള്‍ എന്നിവിടങ്ങളിലെ സാങ്കേതികവിദഗ്‌ധര്‍ ചേര്‍ന്ന് രൂപകല്‌പന ചെയ്‌ത ലാപ്‌ടോപാണ് ഇന്നലെ പുറത്തിറക്കിയത്.ഇതിലും കുറഞ്ഞ ചെലവില്‍ ലാപ്‌ടോപുകള്‍ നിര്‍മിച്ചു നല്‌കാന്‍ സ്വകാര്യകമ്പനികളെ മാനവവിഭവശേഷിമന്ത്രാലയം ക്ഷണിച്ചു.
നിലവില്‍ 1,500 രൂപയോളം ചെലവുവരുന്ന ഈ ലാപ്‌ടോപ് കൂടുതല്‍ സാങ്കേതികമികവ് പ്രയോജനപ്പെടുത്തി ഭാവിയില്‍ 500 രൂപയ്‌ക്കു ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി കപില്‍സിബല്‍ അറിയിച്ചു.
അന്‍പതു ശതമാനം സബ്‌സിഡിയില്‍ അതതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ ലാപ്‌ടോപ് അടുത്തവര്‍ഷം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യം മടിച്ചുനിന്ന സ്വകാര്യ കമ്പനികള്‍ ഇപ്പോള്‍ ഏറെ താല്‌പര്യത്തോടെ ചെലവുകുറഞ്ഞ ലാപ്‌ടോപുകള്‍ നിര്‍മിക്കാന്‍ രംഗത്തെത്തിയിട്ടുണെ്‌ടന്നും ഇതു വഴി ഈ ലാപ്‌ടോപിന് ഇനിയും വില കുറയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.2011-ഓടെ ഈ വിലകുറഞ്ഞ ലാപ്‌ടോപ് രാജ്യത്തെല്ലായിടത്തും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം യുപിഎസര്‍ക്കാരിന്റെ കാലത്തുതന്നെ വിലകുറഞ്ഞ ലാപ്‌ടോപ് നിര്‍മിക്കുമെന്നു പ്രഖ്യാപനം വന്നതാണ്. 500 രൂപയ്‌ക്കു വിദ്യാര്‍ഥികള്‍ക്കു ലാപ്‌ടോപ് ലഭ്യമാക്കുമെന്നും ഇതിനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു രണ്‌ടുവര്‍ഷംമുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു ബിടെക് വിദ്യാര്‍ഥി തന്റെ പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി നിര്‍മിച്ച മദര്‍ബോര്‍ഡാണ് ഈ ചെലവുകുറഞ്ഞ ലാപ്‌ടോപില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
ടച്ച് സ്‌ക്രീന്‍ കീപാഡോടുകൂടിയതാണ് ഈ ലാപ്‌ടോപ്. ഏഴ് ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, കാമറ, രണ്‌ട് യുഎസ്‌ബി പോര്‍ട്ട്, മൂന്നു മണിക്കൂറെങ്കിലും തടസംകൂടാതെ പ്രവര്‍ത്തിക്കുന്ന ബാറ്ററി, സൗരോര്‍ജസെല്ലുപയോഗിച്ചുള്ള സമാന്തര ബാറ്ററിസംവിധാനം, വയര്‍ലസ് ലാന്‍ എന്നിവയെല്ലാം ഈ ലാപ്‌ടോപിന്റെ പ്രത്യേകതയാണ്.സാധാരണ ലാപ്‌ടോപില്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റ് ബ്രൗസിംഗ്, വീഡിയോ വെബ് കോണ്‍ഫറന്‍സിംഗ് സപ്പോര്‍ട്ട്, മള്‍ട്ടിമീഡിയ കണ്‌ടന്റ് വ്യൂവര്‍, സിപ് ഫയലുകള്‍ അണ്‍സിപ് ചെയ്യാനുള്ള സംവിധാനം, മീഡിയാ പ്ലെയര്‍, റിമോട്ട് ഡിവൈസ് മാനോജ്‌മെന്റ് സൗകര്യം, മള്‍ട്ടിമീഡിയ ഇന്‍പുട്ട് ഔട്ട്‌പുട്ട് ഇന്റര്‍ഫേസ് ഓപ്‌ഷന്‍ എന്നീ സൗകര്യങ്ങളും ഈ ലാപ്‌ടോപിലുണ്‌ട്.
നാനോ കാറിലൂടെ ഏറ്റവും വിലകുറഞ്ഞ കാര്‍ പുറത്തിറക്കി ഇതിനോടകം ലോകത്ത് ശ്രദ്ധേയമായ ഇന്ത്യ ഏറ്റവും ചെലവുകുറഞ്ഞ ലാപ്‌ടോപും പുറത്തിറക്കി പുതിയ ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ്. വിദ്യാര്‍ഥിസമൂഹത്തില്‍ ഭൂരിഭാഗവും നിര്‍ധനരാണെന്നിരിക്കെ, കേന്ദ്രസര്‍ക്കാരിന്റെ ചെലവുകുറഞ്ഞ ലാപ്‌ടോപ് പദ്ധതി ഏറെ ആശ്വാസമാകും.
Discussion about this post