തിരുവനന്തപുരം: സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘മുറ്റത്തെ മുല്ല’ പദ്ധതിയെ മികച്ച ജനകീയ പദ്ധതിയാക്കി മാറ്റുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊള്ളപ്പലിശക്കാരെ സമൂഹത്തില്‍ നിന്ന് ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയില്‍ വന്‍വിജയമായ ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജഗതി ജവഹര്‍ സഹകരണ ഭവനില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷത്തെ ഫലം പരിശോധിക്കുമ്പോള്‍ പദ്ധതി പാലക്കാട്ടെ ഗ്രാമീണ ജനതയ്ക്കിടയില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ‘മുറ്റത്തൊരു ബാങ്ക്’ എന്ന ആശയം പ്രാവര്‍ത്തികമാക്കാനായി. സഹകരണ സംഘങ്ങളെ ജനങ്ങളുമായും ജനങ്ങളുടെ പ്രശ്‌നങ്ങളുമായും കൂടുതല്‍ അടുപ്പിക്കാനും സാധിച്ചിട്ടുണ്ട്. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അധികവരുമാനം ഉണ്ടാക്കാനും സാധിക്കും.
ശരിയായ കണക്കെടുക്കാന്‍ കഴിയാത്തത്ര രീതിയിലാണ് കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം സമൂഹത്തില്‍ വേരൂന്നിയിട്ടുള്ളത്. സഹകരണ സംഘങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍,ഗുണഭോക്താക്കള്‍ ഇത്തരമൊരു ശൃംഖലയെ ഈ വിപത്തിനെതിരെ വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് കേരളീയ പൊതുസമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ അത്ഭുതാവഹമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു ശൃംഖല സമ്പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞ പാലക്കാട് ജില്ലയിലെ മങ്കര പഞ്ചായത്തിനെ ആഗസ്റ്റ് രണ്ടിന് കൊള്ളപ്പലിശരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post