തിരുവനന്തപുരം: മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ ഡാമുകളില്‍ അഞ്ചെണ്ണം തുറന്നു. കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ എട്ട് ശതമാനം ജലമാണ് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 20 ഡാമുകളിലും ബാരേജുകളിലുമായി എത്തിയത്.
അതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡാമുകളിലെ ജലനിരപ്പ് കുറവാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് ഉണ്ടായിരുന്നതിനെക്കാള്‍ 40 ശതമാനം കുറവ് ജലമാണ് ഇന്നലെ ഡാമുകളില്‍ ഉണ്ടായിരുന്നത്. പഴശി ഡാമില്‍ മാത്രമാണ് മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ജലമുള്ളത്. ഡാമുകളിലെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിട്ടികളുടെ ചെയര്‍മാന്‍മാരായ കളക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ദുരന്തനിവാരണ അതോറിട്ടിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.













