ദില്ലി: ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തില്‍ സേനകളുടെ അധികാരവിന്യാസത്തില്‍ കാലാനുസൃതമായതും വ്യത്യസ്ഥവുമായ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകള്‍ക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സര്‍വസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്.
സൈന്യത്തിന്റെ കരുത്തില്‍ നാം അഭിമാനിക്കുന്നു. മൂന്ന് സേനകള്‍ക്കുമിടയിലുള്ള ആശയവിനിമയവും, പ്രവര്‍ത്തനത്തിന്റെ ഏകോപനവും സമഗ്രമാക്കാനായാണ് പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. ഇനി മുതല്‍ ഇന്ത്യയ്ക്ക് ഒരു സര്‍വസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്, ചെങ്കോട്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാവിലെ കൃത്യം എട്ട് മണിയ്ക്ക് തന്നെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തി. അതിനുശേഷം 93 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിലാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാര്‍ഗില്‍ യുദ്ധകാലത്ത് കരസേനാമേധാവിയായിരുന്ന ജനറല്‍ വേദ് പ്രകാശ് മാലിക് സ്വാഗതം ചെയ്തു. ഇത് രാജ്യസുരക്ഷയ്ക്ക് അടിത്തറയേകുന്ന സുപ്രധാനപ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.













