തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചത്തേയ്ക്ക് ഇനി കനത്ത മഴയുണ്ടാകില്ലെന്നും 10 ദിവസം വരെ ഈകാലാവസ്ഥ തന്നെ നീണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒരു ജില്ലകളിലും ഇന്ന് മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന മുന്നറിയിപ്പുകളെല്ലാം അധികൃതര്‍ പിന്‍വലിച്ചു. ഇതോടെ തീരത്തെ വറുതിക്കും അറുതി വരും. ഇന്ന് വൈകിട്ടോടെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയി തുടങ്ങുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ദമായിരുന്നതിനാല്‍ ഒരാഴ്ചയില്‍ അധികമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നില്ല. ഏഴാം തീയതി മുതല്‍ ഒരാഴ്ചയാണ് കേരളത്തിന് കനത്ത ദുരിതം വിതച്ച അതിശക്തമായ മഴ പെയ്തു തുടങ്ങിയത്. വടക്കന്‍ ജില്ലകളായ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും അധികം മഴക്കെടുതിയുണ്ടായത്. മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നൂറിലധികം പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായി. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്ക് വേണ്ടി ഒരാഴ്ച പിന്നിട്ടും തെരച്ചില്‍ തുടരുകയാണ്.
Discussion about this post