ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2നെ വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ചു. ദൗത്യത്തിലെ ഏറ്റവും ശ്രമകരവും സുദീര്‍ഘവുമായ പ്രക്രിയയാണ് ഇന്നു നടന്നതെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്കു ശേഷമാണ് ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ചന്ദ്രനില്‍നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18,078 കിലോമീറ്റര്‍ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇനി അഞ്ചു തവണകളിലായി ഭ്രമണപഥം കുറച്ച് ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബര്‍ ഒന്നു വരെയുള്ള ദിവസങ്ങളിലാണ് ഭ്രമണപഥം മാറ്റുന്നത്. സെപ്റ്റംബര്‍ ഒന്നിന് ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തും. സെപ്റ്റംബര്‍ രണ്ടിന് ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പെടും. സെപ്റ്റംബര്‍ ഏഴിനായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1:30നും 2.30നും ഇടയിലായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ജൂലൈ 22നായിരുന്നു ചന്ദ്രയാന്‍-2 പേടകം വിക്ഷേപിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ തീരുമാനിച്ചതിലും ഒരാഴ്ചയോളം വിക്ഷേപണം വൈകിയിരുന്നുവെങ്കിലും കാര്യങ്ങള്‍ വിജയകരമായി പുരോഗമിക്കുന്നതില്‍ ഐഎസ്ആര്‍ഒ സന്തോഷം പങ്കുവച്ചു.
Discussion about this post