തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതോടെ അര്‍ജുനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തും. ശാസ്ത്രീയ, സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ അര്‍ജുനാണ് കാര്‍ ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. അര്‍ജുന്‍ കാര്‍ ഓടിക്കുന്നത് കണ്ടവരുടെ മൊഴി രേഖപ്പെടുത്തും.
സ്റ്റിയറിംഗിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം തുടങ്ങിയവ പരിശോധിച്ചാണ് കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന നിഗമനത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ എത്തിയത്. നേരത്തെ, അപകട സമയത്ത് ബാലഭാസ്‌കറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവര്‍ മൊഴി നല്‍കിയത്. എന്നാല്‍, ഡ്രൈവര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് താനും കുഞ്ഞും വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നാണ് യാത്ര ചെയ്തതെന്നും പിറ്റേദിവസം പരിപാടി ഉള്ളതിനാല്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും ലക്ഷ്മി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. രണ്ടു വയസുകാരിയായ മകള്‍ തേജസ്വി ബാല സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരണത്തിനു കീഴടങ്ങിയത്. ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സക്കു ശേഷമാണ് അവര്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ. ഉണ്ണി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേക്ഷണം ഊര്‍ജിതമാക്കുകയായിരുന്നു.
Discussion about this post