തിരുവനന്തപുരം: കുടുംബബജറ്റില്‍ അമിതഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ സംവിധാനത്തില്‍ വിലകയറുന്നില്ല. ഇതിനുപുറമേയാണ് ഓണത്തിന് അതിവിപുല തയാറെടുപ്പുകളുമായി ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളം ഫെയറുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹോര്‍ട്ടികോര്‍പ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവരും ഓണത്തിന് പ്രത്യേക സ്റ്റാളുകള്‍ തുറക്കും.
വിവിധ സഹകരണസംഘങ്ങളും ഓണച്ചന്തകള്‍ ഒരുക്കുന്നുണ്ട്. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കി ഓണം സമൃദ്ധമാക്കുകയാണ് ഇവയുടെ എല്ലാം ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം ഫെയറില്‍ ആദ്യവില്പനയും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഓണനാളുകളില്‍ ജനങ്ങള്‍ക്ക് പരമാവധി ആശ്വാസം പകരാനാണ് 1500 ഓളം ഓണച്ചന്തകള്‍ ആരംഭിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ ഒരു കിലോയ്ക്കുള്ള സബ്സിഡി വില, നോണ്‍ സബ്സിഡി വില എന്ന നിലയില്‍ ചുവടെ:
ചെറുപയര്‍- 61 (80), ഉഴുന്ന്- 60 (66), കടല- 42 (63), വന്‍പയര്‍- 45 (70), തുവരപ്പരിപ്പ്- 58 (69), മുളക്- 75 (130), മല്ലി- 82 (96), പഞ്ചസാര- 22 (37), ജയ അരി- 25 (32), മാവേലി പച്ചരി (സോര്‍ട്ടക്സ്)- 23 (27), മാവേലി മട്ട അരി (സോര്‍ട്ടക്സ്)- 24 (35), ശബരി വെളിച്ചെണ്ണ അരലിറ്റര്‍- 46.
Discussion about this post