തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ അതിരൂക്ഷ മഴയും അതുമൂലമുണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേര്‍ന്നു. മൂന്ന് മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ തീരുമാനിക്കേണ്ട നയപരമായ മാറ്റങ്ങളും അടിയന്തര സാഹചര്യങ്ങള്‍ ഭാവിയില്‍ നേരിടുന്നതിനുള്ള പദ്ധതികളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കും.
അതിശക്തമായ മഴയ്ക്കുള്ള കാരണം പരിശോധിക്കും. ഇത്തരം സമയങ്ങളില്‍ ഉണ്ടാകാനിടയുള്ള ആപത്തുകളെക്കുറിച്ച് മുന്‍കൂട്ടിയറിഞ്ഞ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യും. നിലവിലുള്ള ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ പുതുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനോടൊപ്പം ദുരന്തങ്ങള്‍ ലഘൂകരിക്കാനുള്ള നടപടികളും സ്വീകരിക്കും. സംസ്ഥാനത്ത് ഭൂവിനിയോഗവും ആപത്തുകളെക്കുറിച്ചുമുള്ള പഠനവും നടത്താന്‍ സമിതി നിശ്ചയിച്ചു.
കേരളത്തിലെ ദുരന്തമേഖല സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി 18ന് ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെത്തും.
സമിതിയുടെ ആദ്യയോഗത്തില്‍ പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍, സമിതി ചെയര്‍മാനും കെ.എസ്.സി.എസ്.ടി.ഇ. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ആയ പ്രൊഫ. കെ.പി.സുധീര്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ടി ജയരാമന്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. എസ്.കെ.സതീഷ്, ഇന്‍ഡ്യന്‍ കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞന്‍ ഡോ.ഡി. ശിവാനന്ദപൈ, ഐ.ഐ.റ്റി ചെന്നെയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സച്ചിന്‍ എസ് ഗുന്ദെ, ഐ.ഐ.റ്റി മുംബൈയിലെ പ്രൊഫസര്‍ ദിപാംകര്‍ ചൗധരി, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുന്‍ ശാസത്രജ്ഞന്‍ ഡോ. ശ്രീകുമാര്‍ ചന്ദോപാധ്യായ, സി.ഡബ്ല്യു.ആര്‍.ഡി.എം. മുന്‍ ഡയറക്ടര്‍ ഡോ. ഇ. ജെ. ജെയിംസ്, സി.ഡബ്ല്യു.ആര്‍.ഡി.എം. ഡയറക്ടര്‍ ഡോ. എ. ബി. അനിത, കെ.എസ്.ഇ.ബി.യിലെയും, ഇറിഗേഷന്‍ വകുപ്പിലേയും, ദുരന്ത നിവാരണ വകുപ്പിലേയും, കെ.എസ്.ബി.എസ്.ടി.ഇ യിലേയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post