തൃശൂര്‍: മലയാളികള്‍ കാര്‍ഷികവൃത്തി വിപുലമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. ജൈവ മാലിന്യം വലിച്ചെറിയാതെ വീടുകളിലും സ്ഥാപനങ്ങളിലും തന്നെ സംസ്‌ക്കരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം. കാര്‍ഷികവൃത്തി വിപുലമാക്കി മാത്രമേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂര്‍ നഗരസഭ മുഴുവന്‍ വീടുകളില്‍നിന്നും അജൈവ ഖരമാലിന്യശേഖരണത്തിന് രൂപീകരിച്ചിട്ടുള്ള ഹരിത കര്‍മ്മ സേനയുടെ ഉദ്ഘാടനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നഗരസഭ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂസര്‍ ഫീ നല്‍കുന്ന വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും എല്ലാ മാസവും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുവാന്‍ കൊടുങ്ങല്ലൂരില്‍ ഇനി മുതല്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എത്തിച്ചേരും. ഇതിനായി 82 പേരടങ്ങുന്ന ഹരിത കര്‍മ്മ സേനയാണ് നഗരസഭയില്‍ പരിശീലനം പൂര്‍ത്തിയായി സജ്ജമായിട്ടുള്ളത്. ഇവര്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്, പേപ്പര്‍, ഗ്ലാസ്, തുകല്‍, ഇലക്ട്രോണിക് തുടങ്ങിയ ഖരവസ്തുക്കള്‍ നഗരസഭയുടെ സംസ്‌ക്കരണ കേന്ദ്രത്തില്‍ സംസ്‌ക്കരിക്കും. ഇതു വഴി നഗരത്തെ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.
വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്‍, കൗണ്‍സിലര്‍മാരായ കെ എസ് കൈസാബ്, ശോഭ ജോഷി, പി എന്‍ രാമദാസ്, സി കെ രാമനാഥന്‍, തങ്കമണി സുബ്രഹ്മണ്യന്‍, വി.ജി .ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ടി.കെ.സുജിത്, കെ.വി.ഗോപാലകൃഷ്ണന്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post