തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംഎല്‍എയും എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉപതെരഞ്ഞെടുപ്പില്‍ വിവിധ മതന്യൂനപക്ഷങ്ങില്‍പ്പെട്ടവര്‍ ബിജെപിയെ പിന്തുണയ്ക്കാനായി രംഗത്തു വന്നത് പാര്‍ട്ടിക്ക് അഭിമാനകരമായ നേട്ടമാണെന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചു പുറത്തു വന്ന എക്‌സിറ്റ്‌പോളുകളെ പാര്‍ട്ടി അതിന്റേതായ അവജ്ഞയോടെ തള്ളിക്കളയുന്നു. ബിജെപിയുടെ വീര്യം കെടുത്താനുള്ള തീവ്രശ്രമം മാത്രമാണിത്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ നിന്നും ശുഭകരമായ റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പറയാം. സിപിഎമ്മും സിപിഐയും വിട്ടു വന്ന 257 പേര്‍ ബിജെപിയില്‍ ചേരും.
ശക്തമായ മഴയെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലും മറ്റു മണ്ഡലങ്ങളിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്. അതല്ലാതെ ബിജെപി വോട്ടുകള്‍ കിട്ടാതെ പോയിട്ടില്ല. ബിജെപി വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്തുവെന്നാണ് തനിക്ക് മണ്ഡലം കമ്മിറ്റികളില്‍ നിന്നും കിട്ടിയ വിവരമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Discussion about this post