ദില്ലി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഈ രീതിയില്‍ തുടരാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. വായു മലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്നുള്ള ആരോഗ്യ അടിയന്തരാവസ്ഥ ദില്ലിയില്‍ തുടരുന്നതിനിടെയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതി കടുത്ത വിമര്‍ശനങ്ങളുന്നയിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഇതേ സ്ഥിതി ദില്ലിയില്‍ തുടരുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കുകയാണ്, രാഷ്ട്രീയമല്ല പകരം മലിനീകരണത്തിന് പരിഹാരമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനം വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്കി. കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അര മണിക്കൂറിനുള്ളില്‍ കോടതിയില്‍ പരിസ്ഥിതി വിദഗ്ധന്‍ എത്തണം എന്ന് നിര്‍ദേശിച്ചു. പരിസ്ഥിതി വിദഗ്ധന്‍ എത്താനായി കേസ് അര മണിക്കൂറേക്ക് മാറ്റി വച്ചു.
വായുമലിനീകരണം രൂക്ഷമായതോടെ ദില്ലിയില്‍ ഒറ്റ- ഇരട്ട നമ്പര്‍ വാഹനനിയന്ത്രണം നടപ്പാക്കി തുടങ്ങി. ഇന്ന് മുതല്‍ ഈ മാസം 15 വരെയാണ് വാഹനനിയന്ത്രണം. ദില്ലി കൂടാതെ ഉത്തര്‍പ്രദേശ് ,ബീഹാര്‍ സംസ്ഥാനങ്ങളിലും വായു മലിനീകരണതോത് ഉയരുകയാണ്. സംസ്ഥാനങ്ങളിലെ സ്ഥിതി 24 മണിക്കൂറും നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
Discussion about this post