തിരുവനന്തപുരം: പാരമ്പര്യേതര ഊര്‍ജ്ജോത്പാദന മേഖലയില്‍ സംസ്ഥാനത്ത് വലിയ സാധ്യതകളാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ 2018 ലെ അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലവൈദ്യുതിയായിരുന്നു കേരളം കൂടുതല്‍ ആശ്രയിച്ചിരുന്നത്. താപവൈദ്യുതി നേരത്തെ സംസ്ഥാനത്തുണ്ടായിരുന്നു. പിന്നീട് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമായപ്പോള്‍ അതു ഉപയോഗിക്കുകയായിരുന്നു. എന്നാല്‍, നിലവില്‍ ഒരു പ്രശ്‌നവുമില്ലാതെ വ്യാപിപ്പിക്കാന്‍ കഴിയുന്നത് സൗരോര്‍ജ്ജമാണ്. ആ രംഗത്ത് വലിയ മികവ് കാണിക്കാനാവുന്ന ഏജന്‍സിയാണ് അനര്‍ട്ട്. ഫലപ്രദമായി സൗരോര്‍ജ്ജം വ്യാപിപ്പിക്കുന്നതില്‍ അനര്‍ട്ടിന് പൊതുശക്തി പ്രകടിപ്പിക്കാനാകണം. അനര്‍ട്ടിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാകണം എന്നതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറായിവരുന്നുണ്ട്. അതുകൂടി ഉള്‍ക്കൊണ്ടുള്ള പുതിയ കരുത്ത് നേടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതിമേഖലയിലെ മുന്നേറ്റത്തിന് പാരമ്പര്യേതരമേഖലയിലേക്ക് കടക്കണമെന്നും അതു മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പാരമ്പര്യേതര ഊര്‍ജ്ജ വ്യാപനത്തിനും അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങളുടെ ഉപയോഗത്തിലും ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനാണ് അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകള്‍ നല്‍കുന്നത്.
വില്‍ട്ടണ്‍ വീവേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ (വ്യവസായ സ്ഥാപനം), കോളേജ് ഓഫ് എന്‍ജിനിയറിങ് തിരുവനന്തപുരം, സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എന്‍ജിനിയറിങ് പാല (വിദ്യാഭ്യാസ സ്ഥാപനങ്ങള്‍), ടെക്‌നോപാര്‍ക്ക് (പൊതുസ്ഥാപനം), ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ പാലക്കാട് (ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം), കാണക്കാരി ഗ്രാമപഞ്ചായത്ത് കോട്ടയം, തുറവൂര്‍ ഗ്രാമപഞ്ചായത്ത് ആലപ്പുഴ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍), സോള്‍ജന്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍, മൂപ്പന്‍സ് എനര്‍ജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം (അക്ഷയ ഊര്‍ജ രംഗത്തെ വ്യവസായ സ്ഥാപനങ്ങള്‍), ഡോ. കുമാരവേല്‍ എസ്, എന്‍.ഐ.ടി കോഴിക്കോട് (വ്യക്തി) എന്നിവര്‍ അക്ഷയ ഊര്‍ജ്ജ അവാര്‍ഡുകള്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്റ് നോളജ് വില്ലേജ് പാലക്കാട്, വൈദ്യരത്‌നം പി.എസ്. വാരിയേഴ്‌സ് ആര്യവൈദ്യശാല കോട്ടക്കല്‍, ജി.വി.എച്ച്.എസ്.എസ് രാജകുമാരി ഇടുക്കി, ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അടൂര്‍, സെന്റ് തെരേസാസ് കോളേജ് എറണാകുളം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ എറണാകുളം, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി എറണാകുളം, അമൃത വിശ്വവിദ്യാപീഠം എറണാകുളം, കോളേജ് ഓഫ് എന്‍ജിനിയറിങ് തിരുവനന്തപുരം, എക്കോടെക് റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് കോഴിക്കോട്, സുനീഷ് കുമാര്‍ ഡി, ഡോ. സേവ്യര്‍ ജെ.എസ് എന്നിവര്‍ പ്രശസ്തി പത്രം ഏറ്റുവാങ്ങി.
മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അനര്‍ട്ട് നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
Discussion about this post