ആലപ്പുഴ: കയര്‍, കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്നുവരുന്ന ഉപയോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം ശക്തമാക്കിയാല്‍ മാത്രമേ കയര്‍ വൈവിധ്യവല്‍ക്കരണം വിജയിക്കൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കയര്‍ കേരളയുടെ എട്ടാം പതിപ്പ് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍വ്വകലാശാലകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്, അതിലൂടെ കൂടുതല്‍ ആളുകള്‍ ആശയങ്ങളുമായി മുന്നോട്ട് വരും. അത്തരമൊരു സംരംഭം കേരളത്തില്‍ നിന്നുതന്നെ വരണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 2015ല്‍ 7000ടണ്‍ മാത്രമായിരുന്ന കയര്‍ ഉത്പ്പാദനം ഇന്ന് 20,000 ടണ്ണിലേക്ക് ഉയര്‍ന്നിരിക്കുന്നു. അടുത്ത വര്‍ഷം ഇത് 40,000 ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന് പൂര്‍ണ പിന്തുണ നല്‍കി കേരളത്തിലെ കയര്‍വകുപ്പ് മുന്നോട്ട് പോവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
യന്ത്രവത്കരണത്തിന് ഈ മേഖലയില്‍ വളരെ പ്രാധാന്യമുണ്ട്. കയര്‍ രണ്ടാം പുനരൂജ്ജീവന പാക്കേജിലൂടെ കയര്‍ മേഖലയില്‍ ആധുനികവത്കരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. റോഡ് നിര്‍മ്മാണം, മണ്ണൊലിപ്പ് നിയന്ത്രണം തുടങ്ങിയ വിവിധ ഉപയോഗങ്ങള്‍ക്ക് കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനകം സമ്മതിച്ചിട്ടുണ്ട്.കയര്‍ ഭൂവസ്ത്രത്തിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മാണത്തില്‍ ഇത് കൂടുതലായി വിനിയോഗിക്കാന്‍ കയര്‍ വ്യവസായത്തെ സജ്ജമാക്കേണ്ടതുണ്ട്.
പ്ലാസ്റ്റിക്കിന് ബദലായി പരിസ്ഥിതി സൗഹാര്‍ദ്ദപരവും മൃദുവായതുമായ ചകിരിയെ പരുവപ്പെടുത്തുന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു. കയര്‍ കേരളയിലെ അന്താരാഷ്ട്ര പങ്കാളിത്തം ആഗോള ഇടപെടലുകളും സഹകരണത്തിനുള്ള വഴികളും പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ആശയങ്ങളും സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു. അന്തര്‍ദേശീയ പവലിയന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. ആഭ്യന്തര പവലിയന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു.
Discussion about this post