പമ്പ: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനം, പാണ്ടിത്താവളം, മാളികപ്പുറം, മരക്കൂട്ടം, ശരംകുത്തി എന്നിവടങ്ങളിലെ മുഴുവന്‍ ഹോട്ടലുകളും, വ്യാപാരസ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് 1,40,000 രൂപ പിഴചുമത്തി. പരിശോധനയില്‍ കാലാവധി കഴിഞ്ഞതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി ഫുഡ് സേഫ്റ്റി അധികൃതര്‍ നശിപ്പിച്ച് കളഞ്ഞു.
സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലുകളിലും വാണിജ്യസ്ഥാപങ്ങളിലും സൂക്ഷിച്ചിട്ടുള്ള പാക്കിംഗ് ഫുഡിന്റെ കാലാവധി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലേയും അനധികൃത കച്ചവടം ഒഴിവാക്കിയിട്ടുണ്ട്. എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നിയമാനുസൃതം നശിപ്പിച്ചു.
ശബരിമല സന്നിധാനത്ത് നിയോഗിക്കപ്പെട്ട സാനിറ്ററി സൂപ്പര്‍ വൈസര്‍മാരുടെ നേതൃത്വത്തില്‍ നിശ്ചയിക്കപ്പട്ട ഒന്‍പത് സെക്ടറുകളിലേയും വിശുദ്ധി സേനാംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ രീതിയില്‍ നടത്തുന്നതായി ഡ്യൂട്ടി മജിസ്ട്രേറ്റും, എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റും പരിശോധിച്ച് വിലയിരുത്തി. സന്നിധാനത്തും പരിസരങ്ങളിലും കണ്ടെത്തിയ മരാമത്ത് പണികള്‍ ദേവസ്വം മരാമത്ത് മുഖേന പരിഹരിച്ചു. തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതും തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നവരേയും ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ ദേവസ്വം വിജിലന്‍സ് സ്വീകരിട്ടുണ്ട്.
Discussion about this post