തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപം-ലക്ഷദീപം നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനും തിരക്ക് നിയന്ത്രിക്കാനും സുരക്ഷാക്രമീകരണങ്ങളൊരുക്കാനും വിവിധ വകുപ്പുകള്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
ജനുവരി 15നാണ് മുറജപ ആഘോഷങ്ങള്‍ക്ക് സമാപനമാകുന്നതും ലക്ഷദീപം തെളിക്കുന്നതും. ലക്ഷദീപ ദിവസം ശീവേലിദര്‍ശനം പാസ് മൂലം നിയന്ത്രിക്കാനും ആറുമണിക്ക് ശേഷം പാസില്ലാത്ത ഭക്തര്‍ക്ക് ബാരിക്കേഡ് ക്രമീകരണത്തിലൂടെ പ്രവേശിച്ച് തിരിച്ചിറങ്ങാനും സൗകര്യമൊരുക്കുമെന്ന് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ പോലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ ക്യൂവിലൂടെ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ക്രമാനുഗതം നല്‍കാന്‍ സഹായിക്കണം. കലാസാംസ്‌കാരിക പരിപാടികള്‍ക്ക് എത്തുന്ന കലാകാരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ക്ഷേത്രനടകളിലുള്ള റോഡുകള്‍ വഴി ഫയര്‍ എന്‍ജിന്‍ തടസ്സമില്ലാതെ പോകുന്നതിന് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു.
പാര്‍ക്കിംഗ് സൗകര്യമൊരുക്കാന്‍ 27 സ്ഥലങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കോട്ടയ്ക്കകം ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ക്ഷേത്രത്തിനു ചുറ്റുവട്ടത്തെ റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം തീര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. പാര്‍ക്കിംഗ് സംവിധാനത്തിന് ക്ഷേത്രത്തിനു ചുറ്റും വകുപ്പിന്റെ അധീനതയിലുള്ള റോഡുകളിലെ ലഭ്യമായ സ്ഥലം ഏര്‍പ്പാടാക്കാന്‍ അനുമതി നല്‍കണം.
ക്ഷേത്രത്തിനു ചുറ്റുവട്ടത്ത് ലക്ഷദീപത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ വെള്ളം മുടക്കമില്ലാതെ ലഭ്യമാക്കാനും ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കാനും ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സിന്റെയും സേവനം ആരോഗ്യവകുപ്പ് ലഭ്യമാക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ പാര്‍ക്കിംഗ് സംവിധാനം ക്രമീകരിക്കാന്‍ ഏകോപനം നടത്തും. ക്ഷേത്രപരിസരത്തെ റോഡുകളിലും നടപ്പാതകളിലും അനധികൃത കച്ചവടം ഒഴിപ്പിക്കും. പുത്തരിക്കണ്ടം മൈതാനം പാര്‍ക്കിംഗിനു ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. കിഴക്കേനടയിലും കോട്ടയ്ക്കകത്തും മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. മറ്റുവകുപ്പുകളും ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താനും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍, കൗണ്‍സിലര്‍ ആര്‍. സുരേഷ്, രാജകൊട്ടാരം പ്രതിനിധി ആദിത്യ വര്‍മ, പോലീസ്, റവന്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Discussion about this post