തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലും വൈദ്യുത തടസ്സമുണ്ടായാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തടസ്സമുണ്ടായ സ്ഥലം തിരിച്ചറിഞ്ഞ് പരിഹാരം കാണാനായി വൈദ്യുത ഭവനില്‍ സ്‌കാഡ ഡിസ്ട്രിബ്യൂഷന്‍ കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ സെന്ററിന്റെ ഉദ്ഘാടനം വൈദ്യുത മന്ത്രി എം.എം.മണി നിര്‍വഹിച്ചു.
കേരളത്തിലെ വൈദ്യുതരംഗം ആധുനീകരിക്കാനും വിതരണ ശൃംഖല ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം, ശുദ്ധജലം എന്നിവപോലെ പ്രാധാന്യമുള്ളതായി ഇന്ന് ഊര്‍ജ്ജവും മാറിയിരിക്കുന്നു. സാമൂഹിക വികാസത്തിന് ഊര്‍ജ്ജം അത്യന്താപേക്ഷിതമാണ്. അധ്വാനം കുറച്ച് വൈദ്യുത തടസ്സം പരിഹരിക്കുന്നതിനാണ് ഇത്തരം പുതിയ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി രംഗത്ത് പരിഷ്‌കരണം മാത്രമല്ല പുതിയ ഊര്‍ജ്ജോല്പാദന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സോളാറിലൂടെ ആയിരം മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ലോഡ്ഷെഡിങ് ഒഴിവാക്കാനും വൈദ്യുതി തടസ്സം വേഗം പരിഹരിക്കാനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്‍ട്രോള്‍ റൂമിലിരുന്ന് വൈദ്യുതി തടസ്സമുണ്ടായ പ്രദേശം തിരിച്ചറിയാനാകും. 14 സബ്സ്റ്റേഷനുകളെയാണ് ഇത്തരത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഓരോ സബ്സ്റ്റേഷനുകീഴിലെ പ്രദേശങ്ങളിലെ സ്ഥിതി തത്സമയം കാണാനാകും. മാപ്പിംഗ് സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തനം. കേന്ദ്രസര്‍ക്കാരിന്റെ ഐ.പി.ഡി.എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. വൈദ്യുതി ഭവനില്‍ സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. 12.5 സെന്റ് സ്ഥലത്താണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കണ്ടെയ്നര്‍ സബ്സ്റ്റേഷന്‍ സ്ഥാപിച്ചത്. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ നഗരത്തില്‍ തടസ്സം കൂടാതെ വൈദ്യുതി എത്തിക്കാനുമാകും.
ചടങ്ങില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ കെ.ശ്രീകുമാര്‍, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍.എസ്.പിള്ള, നഗരസഭ കൗണ്‍സിലര്‍മാരായ പാളയം രാജന്‍, എസ്.എസ്.സിന്ധു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post