പത്തനംതിട്ട: കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 12.30 ന് മല്ലപ്പള്ളി ടൗണിലാണ് എഴുമറ്റൂര്‍ സ്വദേശി അരുണിനെയും കുടുംബത്തേയും എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. കൈക്കുഞ്ഞുമായി കാറില്‍ അരുണും ഭാര്യയും തെങ്ങണയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വഴിതടഞ്ഞതോടെ ഇവര്‍ക്ക് പതിനഞ്ച് മിനിറ്റോളം വഴിയില്‍ കാത്തു കിടക്കേണ്ടിവന്നു. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ മാറ്റി കാര്‍ കടത്തിവിട്ടത്. രാവിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. തിരുവനന്തപുരം- മൂന്നാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന മിന്നല്‍ ബസിനു നേരെ കല്ലേറുണ്ടായി. മട്ടന്നൂര്‍ നരയമ്പാറയിലും ആലപ്പുഴയിലും ഹര്‍ത്താല്‍ അ നുകൂലികള്‍ ബസ് തടഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയ ശേഷം താക്കോല്‍ ഊരിക്കൊണ്ടു പോയി. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഊരിയെടുത്തത്. ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ, സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ഇതിന് തയാറാകാതിരുന്നതോടെ യാതൊരുവിധ അക്രമശ്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നതുമാണ്. വാഹനങ്ങള്‍ തടയരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post